
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം പിണറായിയുടെ മാറുന്ന മുഖമെന്ന് പി.വി. അൻവർ എംഎൽഎ. മലപ്പുറത്തെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നു. മുസ്ലിങ്ങൾ ക്രിമിനൽ ആണെന്ന് പറയുന്നു. പരാമർശം ബിജെപിയെ തൃപ്തിപ്പെടുത്താൻ ആണെന്നും അൻവർ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടിയെ നേരിട്ട് കണ്ട് വിശദീകരിക്കുമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
അമിതമായ മുസ്ലീം പ്രീണനം കൊണ്ടാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അത് തീർത്തും തെറ്റാണ്. പൊലീസിൻ്റെ ഇടപെടലാണ് അതിന് പിന്നിൽ. പൊതുസമൂഹത്തെ ഗവൺമെൻ്റിന് എതിരാക്കിയ മർമപ്രധാനമായ പ്രശ്നം പൊലീസാണ്. രാഹുൽ ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനവും പൊലീസിംഗും ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയ കാരണമായി. കമ്മ്യൂണിസ്റ്റുകാരന് പ്രത്യേക പരിഗണന നൽകണമെന്നല്ല പറഞ്ഞത്.
സഖാക്കളോട് പൊലീസിന് മറ്റൊരു സമീപനമാണ്. തൻ്റെ ഈ ആരോപണത്തെ മറ്റൊരു തരത്തിൽ വളച്ചൊടിക്കുന്നു. ആർഎസ്എസും-സിപിഎമ്മും ചങ്ങാത്തത്തിൽ എത്തണമെങ്കിൽ മുസ്ലീം വിരോധം പരസ്യമായി പറയണം. അതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി ദി ഹിന്ദുവിന് അഭിമുഖം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു കാലത്തും നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. താൻ നേരത്തെ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നു എന്ന് പാർട്ടിക്കറിയാമെങ്കിൽ എന്തുകൊണ്ടാണ് അപ്പോൾ പുറത്താക്കാതിരുന്നത്. ഇടതുപക്ഷ പ്രസ്ഥാനം ഉണ്ടാകണമെന്ന് തന്നെയാണ് തൻ്റെ ആഗ്രഹം. ഇപ്പോഴത്തെ സിപിഎം നയം മൂലം ഉള്ള വോട്ടും അവർക്ക് നഷ്ടമാകും. ഹിന്ദു വോട്ടും കിട്ടില്ല, മുസ്ലീം വോട്ടും കിട്ടില്ല. പി. ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.