"കുടുംബാധിപത്യം, മരുമോനിസം, പിണറായിസവും ജനങ്ങളും തമ്മിലുള്ള പോരാട്ടം"; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പി.വി. അൻവർ

താൻ നിരുപാധിക പിന്തുണയാണ് നൽകിയത്. സ്ഥാനാർത്ഥിയെ യു.ഡി.എഫ്. തീരുമാനിക്കുമെന്നും മുൻ എംഎൽഎ വ്യക്തമാക്കി.
"കുടുംബാധിപത്യം, മരുമോനിസം,  പിണറായിസവും ജനങ്ങളും തമ്മിലുള്ള പോരാട്ടം"; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പി.വി. അൻവർ
Published on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി. വി. അൻവർ. പിണറായിസവും ജനങ്ങളും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം.


നിലമ്പൂരിൽ ഒരുപാട് പ്രശ്നമുണ്ട് പക്ഷെ അത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ അൻവർ കേരളം ചർച്ച ചെയ്യാൻ പോകുന്നത് പിണറായിസമാണെന്നും കുടുംബാധിപത്യ രാഷ്ട്രീയവും മരുമോനിസവുമാണെന്നും വിമർശിച്ചു. മണ്ഡലത്തിലെ 256 ബൂത്തിൽ ആദ്യം എത്തുന്നത് പിണറായിസത്തിനെതിരെ സഖാക്കൾ വോട്ട് ചെയ്യാനായിരിക്കുമെന്നും അൻവർ പറഞ്ഞു. പിണറായി വിജയനെക്കാൾ നല്ലത് നരേന്ദ്ര മോദിയെന്നും അൻവർ കൂട്ടിച്ചേർത്തു.


ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാലോ എന്ന ചോദ്യത്തിന് എത് ചെകുത്താൻ മൽസരിച്ചാലും ജനങ്ങളുടെ വോട്ട് കിട്ടും എന്നായിരുന്നു അൻവറിൻ്റെ മറുപടി. കുടുംബാധിപത്യത്തിനെതിരായ പോരാട്ടം നിലമ്പൂരിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നും അൻവർ പറഞ്ഞു. താൻ നിരുപാധിക പിന്തുണയാണ് നൽകിയത്. സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കുമെന്നും മുൻ എംഎൽഎ വ്യക്തമാക്കി.

എം. ആർ. അജിത് കുമാർ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് നേടി കൊടുത്തുവെന്ന് പറഞ്ഞ അൻവർ തെരഞ്ഞെടുപ്പിൽ സ്വർണ കള്ളക്കടത്തും, മാമി തിരോധാനവും അടക്കം ചർച്ചയാകുമെന്നും കൂട്ടിച്ചേർത്തു.

ജൂൺ 19 നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. ജൂൺ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.


നിലമ്പൂർ മണ്ഡലത്തിൽ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 263 പോളിംഗ് സ്റ്റേഷനുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. 374 പ്രവാസി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകൽ എന്നീ പഞ്ചായത്തുകളാണ് എൽഡിഎഫ് ഭരണത്തിലുള്ളത്. ചുങ്കത്തറ, വഴിക്കടവ്, എടക്കര, കരുളായി, മൂത്തേടം എന്നീ പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com