
നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് സിപിഎം നേതാക്കൾ. അറസ്റ്റ് അക്രമത്തിനെതിരെയുള്ള സാധാരണ പൊലീസ് നടപടിയെന്ന് സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ പറഞ്ഞു. നീതി പൂർവമായാണ് പൊലീസ് നടപടികൾ പൂർത്തിയാക്കിയത്. അടഞ്ഞു കിടന്ന സർക്കാർ ഓഫീസ് തകർത്തത് ഗൂഢാലോചനയാണ്. അറസ്റ്റ് രാത്രി വൈകിപ്പിച്ചത് അൻവർ തന്നെയാണ്. ആളില്ലാത്ത ജാഥ അവസാനിപ്പിക്കാൻ കണ്ടത്തെിയ മാർഗം ആയിരുന്നു DFO ഓഫീസ് അക്രമം. എന്നു മുതലാണ് അൻവറിന് സർക്കാർ ന്യൂനപക്ഷ വിരുദ്ധം ആണെന്ന് തോന്നി തുടങ്ങിയത് എന്നും വി.പി. അനിൽ ചോദിച്ചു.
അൻവറിൻ്റെ അറസ്റ്റ് നിയമാനുസൃതമാണെന്ന് അറസ്റ്റിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ്റെ പ്രസ്താവന. ഇത്തരം കേസുകളിൽ വേണ്ടത് സഡൻ ആക്ഷനാണ്. അൻവർ അടഞ്ഞ അധ്യായമാണ്. അൻവർ ഇടതുപക്ഷത്തിന് ഒരു വെല്ലുവിളിയല്ല. അൻവറിന് താരപരിവേഷം നൽകുന്നത് മാധ്യമങ്ങളാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അൻവറിൻ്റെ അറസ്റ്റ് പത്രത്തിൽ നിന്ന് വായിച്ച അറിവേ ഉള്ളൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജയരാജൻ പ്രതികരിച്ചു.
അതേസമയം, പി.വി. അൻവർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻവർ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്തതിനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമടക്കം ജാമ്യമില്ലാ വകപ്പുകൾ ചുമത്തിയാണ് പി.വി. അൻവർ ഉൾപ്പെടെ പതിനൊന്ന് ഡിഎംകെ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി.
കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്.