
തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർ എ.എൻ. ഷംസീറിന് കൈമാറി. അൻവർ തന്നെയാണ് താൻ രാജിവെച്ചതായി സ്ഥിരീകരിച്ചത്. ഇനി തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയമുഖമായാണ് അൻവർ കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കുക.
ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അൻവർ ഒരു പാർട്ടിയിൽ ചേരുന്നതിലുള്ള അയോഗ്യതാ പ്രശ്നം കൂടി മുന്നിൽ കണ്ടാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് അൻവറിൻ്റെ നീക്കം. ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് വീണ്ടും മത്സരിക്കാനില്ലെന്നും അൻവർ വ്യക്തമാക്കി. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും. പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫിൽ ചേക്കേറാൻ ആഗ്രഹിച്ചിരുന്നെങ്കിലും പെട്ടെന്ന് അതുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് തൃണമൂൽ കോൺഗ്രസിൽ ചേരാൻ അൻവർ തീരുമാനിച്ചത്. ഭാവി രാഷ്ട്രീയ പരിപാടികളും വാർത്താസമ്മേളനത്തിൽ അൻവർ അറിയിക്കും.