നിലമ്പൂരിൽ യുഡിഎഫിന്റെ വിജയമാണ് പ്രധാനം; എല്ലാ ഘടകകക്ഷികളെയും കാണുന്നത് മര്യാദ: പി.വി. അൻവർ

രണ്ടുദിവസത്തിനകം എല്ലാ ഘടകകക്ഷികളെയും കാണുമെന്നും പി.വി. അൻവർ പറഞ്ഞു
നിലമ്പൂരിൽ യുഡിഎഫിന്റെ വിജയമാണ് പ്രധാനം; എല്ലാ ഘടകകക്ഷികളെയും കാണുന്നത് മര്യാദ: പി.വി. അൻവർ
Published on


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്ന് പി.വി. അൻവർ. പിണറായിസത്തെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും കാണുന്നത് മര്യാദ. രണ്ടുദിവസത്തിനകം എല്ലാ ഘടകകക്ഷികളെയും കാണുമെന്നും പി.വി. അൻവർ പറഞ്ഞു. അൻവറിൻ്റെയും തൃണമൂൽ കോൺഗ്രസിൻ്റെയും യുഡിഎഫ് പ്രവേശനത്തിനെപ്പറ്റി കഴിഞ്ഞദിവസവും ചർച്ച നടന്നിരുന്നു. ടിഎംസിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തെപ്പറ്റി യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും, ഏത് രീതിയിലെ സഹകരണമെന്നത് ആലോചിക്കട്ടെയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

കൂടിക്കാഴ്ചയിൽ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളെ കാണാനും പി.വി. അന്‍വർ അനുമതി തേടിയിരുന്നു. പി. കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുമതിയാണ് തേടിയത്. ഇന്ന് കൂടിക്കാഴ്ച നടത്തണമെന്നാണ് അൻവറിൻ്റെ ആവശ്യം. എന്നാൽ മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ കൂടിക്കഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

എകെജി സെൻറർ ഉദ്ഘാടനത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാഴ്ചക്കാരനാക്കിയെന്നും പി.വി. അൻവർ ആരോപിച്ചു. പിണറായിയുടെ കുടുംബാധിപത്യമാണ് കണ്ടത്. സംസ്ഥാന സെക്രട്ടറിയേയും അകറ്റി. ഇത് ഇടതുപക്ഷ ചരിത്രത്തിൽ ഇല്ലാത്തതാണെന്നും പി.വി. അൻവർ പറഞ്ഞു.

അതേസമയം, പി.വി. അൻവറിന്റെ സഹകരണം നിലമ്പൂരിൽ ഗുണം ചെയ്യുമെന്നാണ് വി.ഡി. സതീശനും, കെ. സുധാകരനും കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞത്. അൻവറുമായി വിശദമായി സംസാരിച്ചു. സഹകരണത്തിന്റെ രീതിയെക്കുറിച്ച് കുറച്ച് ഉപാധികൾ വച്ചിട്ടുണ്ട്. അത് പാർട്ടിയിൽ ആലോചിച്ച് തീരുമാനമെടുക്കും. ഡിഎഫ് സ്ഥാനാർഥിക്ക് പരിപൂർണ പിന്തുണ അൻവർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com