വടകര വില്യാപ്പള്ളിയിൽ ക്യുആർ കോഡ് സ്കാനർ തട്ടിപ്പ്: പേടിഎം തകരാർ പരിഹരിക്കാനെന്ന് പറഞ്ഞെത്തിയ പ്രതി തട്ടിയത് ലക്ഷങ്ങൾ!

കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദിനെതിരെ കൂടുതൽ പരാതികളെത്തിക്കൊണ്ടിരിക്കുകയാണ്
വടകര വില്യാപ്പള്ളിയിൽ ക്യുആർ കോഡ് സ്കാനർ തട്ടിപ്പ്: പേടിഎം തകരാർ പരിഹരിക്കാനെന്ന് പറഞ്ഞെത്തിയ പ്രതി തട്ടിയത് ലക്ഷങ്ങൾ!
Published on

കോഴിക്കോട് വില്യാപള്ളിയിലെ ക്യുആർ കോഡ് സ്കാനർ തട്ടിപ്പിൽ പ്രതിക്കെതിരെ കൂടുതൽ പരാതികളുമായി വ്യാപാരികൾ രംഗത്ത്. കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദിനെതിരായാണ് കൂടുതൽ പരാതികൾ എത്തുന്നത്. ഇയാൾ കടകളിലെ പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനെ എത്തി വ്യാപാരികളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടുകയായിരുന്നു. റാഷിദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വില്യാപ്പള്ളി കൊളത്തൂർ റോഡിലെ വട്ടപ്പൊയിൽ അമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹിലാൽ കാറ്ററിങ് സ്ഥാപനത്തിൽ എത്തി ഉടമയെ കബളിപ്പിച്ച് 68,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് മുഹമ്മദ്‌ റാഷിദ്‌ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

റാഷിദിനെതിരെ 5 പേരാണ് നിലവിൽ പരാതിയുമായി വടകര പൊലീസിനെ സമീപിച്ചത്. ഇവരിൽ നിന്ന് 6 ലക്ഷം രൂപയോളം കവർന്നതായാണ് പരാതി. ചോറോട്, വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ കടക്കാരാണ് തട്ടിപ്പിനിരയായത്.

പേടിഎമ്മിന്റെ ക്യുആർ കോഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ  നേരെയാക്കി കൊടുക്കുന്ന സ്ഥാപനത്തിലെ സാങ്കേതിക ജീവനക്കാരനായിരുന്നു റാഷിദ്. റാഷിദിന്റെ സാമ്പത്തിക തിരിമറികൾ കണ്ടെത്തിയതോടെ സ്ഥാപനം ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. കമ്പനി ജീവനക്കാരനായിരുന്ന സമയത്തെ വ്യാപാരികളുമായുള്ള ബന്ധം മുതലെടുത്തായിരുന്നു തട്ടിപ്പ്. റാഷിദ്‌ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടുമെത്തി പേടിഎം തകരാർ പരിഹരിക്കാൻ ഉണ്ടെന്നും, ആധാറുമായി ലിങ്ക് ചെയ്യാൻ ഉണ്ടെന്നും ഉൾപ്പടെ പറഞ്ഞ് വ്യാപാരികളെ കബളിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com