എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍; 'വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തു'

മുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിരുന്നതായി പ്രതി അബ്ദുള്‍ നാസര്‍ സമ്മതിച്ചു.
എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍; 'വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തു'
Published on
Updated on


ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. എംഎസ് സൊല്യൂഷന്‍സിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറം പനങ്ങാങ്ങര സ്വദേശി അബ്ദുള്‍ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പ് വഴിയാണ് നാസര്‍ എംഎസ് സൊലൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിത്. മുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിരുന്നതായി പ്രതി അബ്ദുള്‍ നാസര്‍ സമ്മതിച്ചു.

മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണാണ് അബ്ദുള്‍ നാസര്‍. ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദ് മുന്‍പ് പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നത്. ഈ ബന്ധത്തിന്റെ പുറത്താണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടി പറഞ്ഞു.

ചോദ്യപേപ്പറുകള്‍ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ഫോണുകള്‍ ഫോറെന്‍സിക് പരിശോധനക്ക് വിധേയമാക്കും. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ പരീക്ഷയുടെ കണക്ക് എന്നീ ചോദ്യപേപ്പറുകള്‍ ആണ് ചോര്‍ത്തിയത്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ചോര്‍ത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. സ്‌കൂള്‍ അധികൃതര്‍ പരീക്ഷ പേപ്പര്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടി പറഞ്ഞു. കേസില്‍ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com