
കോഴിക്കോട് കൊടുവള്ളി ഗവ. ഹയർ സെക്കൻററി സ്കൂളിലെ 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. റാഗിംഗ് പരാതിയെ തുടർന്നാണ് കേസ്. മർദനമേറ്റ പ്ലസ് വൺ വിദ്യാർഥികളുടെ പരാതിയിൽ കൊടുവള്ളി പോലീസ് ആണ് കേസ് എടുത്തത്. നിയമവിരുദ്ധമായ സംഘം ചേരൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജൂൺ 27ന് പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്തിരുന്നു. പിന്നാലെ പ്ലസ് വൺ വിദ്യാർഥികൾ അധ്യാപകർക്ക് പരാതി നൽകി. തുടർന്ന് പരാതി നൽകിയതിൻറെ പ്രതികാര നടപടിയായി 4 പ്ലസ് വൺ വിദ്യാർഥികളെ 17 പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് ക്ലാസിനുള്ളിൽ ക്രൂരമായി മർദിച്ചു. മർദനത്തിൽ പ്ലസ് വൺ വിദ്യാർഥികളായ സിയാൻ ബക്കർ, മുഹമ്മദ് ഇല്ലാൻ, മുഹമ്മദ് ആദിൽ, മുഹമ്മദ് ബിഷർ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. മർദനമേറ്റ വിദ്യാർഥികളുടെ പരാതിയിൽ പ്ലസ് ടു വിദ്യാർഥികളായ മുഹമ്മദ് സിനാൻ, സൽമാൻ ഫാരിസ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പൊലീസ് കേസ് എടുത്തു. സംഭവത്തിൽ 7 പ്ലസ് ടു വിദ്യാർഥികളെ സ്കൂൾ സസ്‌പെൻഡ് ചെയ്തിരുന്നു.