കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്: പ്രിന്‍സിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍

ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്: പ്രിന്‍സിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍
Published on

കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിൽ റാ​ഗിങ് നടന്ന സംഭവത്തിൽ കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്. റാഗിങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അഞ്ച് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ നഴ്സിങ് കോളേജിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com