
കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിംഗ് കോളേജിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായതായി പൊലീസ്. നഴ്സിംഗ് കോളേജിൽ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിൽ മൂന്ന് വിദ്യാർഥികൾ കോളജിൽ പരാതി നൽകി. ഇവരുടെ മൊഴി പൊലീസും രേഖപ്പെടുത്തി. കേസിൽ അഞ്ച് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ഏലപ്പാറ സ്വദേശിയായ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ അറസ്റ്റിലായ 2, 3 വർഷ വിദ്യാർഥികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി. എന്നിവരെ ഇതേ തുടർന്ന് ഇന്നലെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്നാംവർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി ഉപദ്രവിച്ചത്. വിദ്യാർഥികളെ കോമ്പസ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ കെട്ടി വേദനിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിൽ പറയുന്നത്. 2024 നവംബർ മുതൽ റാഗിങ് തുടർന്നിരുന്നു.