"ഇന്ത്യ ആക്രമിക്കുന്ന വിവരം പാകിസ്ഥാനെ മുൻകൂട്ടി അറിയിക്കാൻ ആരാണ് ചുമതലപ്പെടുത്തിയത്?" എസ്. ജയ്‌ശങ്കറിനെതിരെ രാഹുല്‍ ഗാന്ധി

എസ്. ജയ്‌ശങ്കർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖമാണ് ആരോപണത്തിന് ആധാരമായി രാഹുൽ എടുത്തുകാട്ടുന്നത്
എസ്. ജയ്‌ശങ്കർ, രാഹുല്‍ ഗാന്ധി
എസ്. ജയ്‌ശങ്കർ, രാഹുല്‍ ഗാന്ധി
Published on

വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരകേന്ദ്രങ്ങൾ ആക്രമിക്കും മുൻപ് സർക്കാർ പാകിസ്ഥാന് മുൻകൂട്ടി വിവരം നൽകിയിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി എസ്. ജയശങ്കർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖമാണ് ആരോപണത്തിന് ആധാരമായി രാഹുൽ എടുത്തുകാട്ടുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് ആരോപണങ്ങൾ ഉന്നയിച്ചത്.

ഭീകരകേന്ദ്രങ്ങൾ ആക്രമിക്കും മുമ്പ് പാകിസ്ഥാനെ വിവരം അറിയിച്ചത് കുറ്റകൃത്യമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇന്ത്യ ആക്രമിക്കുന്ന വിവരം പാകിസ്ഥാനെ മുൻകൂട്ടി അറിയിക്കാൻ ആരാണ് ചുമതലപ്പെടുത്തിയത്? ഇതിൻ്റെ ഫലമായി ഇന്ത്യക്ക് എത്ര വ്യോമസേനാ വിമാനങ്ങൾ നഷ്ടമായി? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ലോക്സഭ പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്. 

ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ആക്രമണത്തിന് മുമ്പ് നമ്മൾ (ഇന്ത്യ) പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് രാഹുൽ പങ്കുവെച്ച വീഡിയോയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറയുന്നത്. പാക് സൈന്യത്തെ ആക്രമിക്കുന്നില്ലെന്നും അവർക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കാം എന്നും സന്ദേശം നൽകി. ആ നല്ല ഉപദേശം കേൾക്കാൻ അവർ (പാകിസ്ഥാൻ) തയ്യാറായില്ലെന്നും ജയ്‌ശങ്കർ വീഡിയോയിൽ പറയുന്നു.

അതേസമയം, രാഹുലിന്റെ ആരോപണങ്ങൾ വാർത്താ ഏജൻസിയായ പിഐബി നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വിദേശകാര്യ മന്ത്രിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നാണ് പിഐബിയുടെ നിലപാട്. പിഐബിയുടെ വസ്തുതാന്വേഷണ വിഭാഗമാണ് ഇക്കാര്യം എക്സ് ഹാൻഡിലിലൂടെ അറിയിച്ചത്. എന്നാൽ, ഈ വീഡിയോ പിടിഐ ഫീഡിൽ ലഭ്യമാണ്.  രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോ വാർത്താ ഏജൻസി വ്യാഴാഴ്ച മാധ്യമങ്ങൾക്ക് നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com