
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജിനെതിരായ സുപ്രിംകോടതി വിമർശനത്തിന് പിൻതുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും എസ് പി അധ്യക്ഷൻ അഖിലേഷ് യാദവും. ഭരണഘടനയെ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന ബിജെപി സർക്കാരുകളുടെ നടപടിക്കെതിരായ താക്കീതാണ് സുപ്രിം കോടതിയുടെ വിമർശനം. ബിജെപി സർക്കാരുകളുടെ ബുൾഡോസർ രാജിന്റെ യഥാർത്ഥമുഖം ഇതോടെ ഇപ്പോഴെങ്കിലും വെളിപ്പെട്ടതിൽ സന്തോഷമുണ്ടെന്നും രാഹുൽ സാമൂഹ്യമാധ്യമത്തിൽ ഇട്ട പോസ്റ്റിൽ പറയുന്നു.
നിയമത്തെയും ഭരണഘടനയേയും വെല്ലുവിളിക്കുന്ന ബുൾഡോസർ രാജിൽ കോടതി ഇപ്പോഴെങ്കിലും പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രതികരണം. യുപിയിൽ യോഗി സർക്കാർ ബുൾഡോസർ രാജാണ് നടപ്പാക്കുന്നത് എന്ന വിമർശനം നിരന്തരം ഉന്നയിക്കുന്ന നേതാവാണ് അഖിലേഷ് യാദവ്.
ALSO READ: "കേസിൽ പ്രതിയായാൽ ഒരാളുടെ കെട്ടിടം എങ്ങനെ പൊളിക്കും"; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
സുപ്രിംകോടതിയുടെ പരാമർശങ്ങളെ അഭിനന്ദിച്ച് പ്രതിപക്ഷത്തെ നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായി എന്നതുകൊണ്ട് പ്രതിയായവരുടെ വീടുകൾ പൊളിച്ചുകളയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി ഡിവിഷൻ ബഞ്ച് ചോദിച്ചിരുന്നു. കേസിൽ പ്രതിയാകുന്നതും ആ വ്യക്തിയുടെ താമസസ്ഥലം പൊളിക്കുന്നതും എന്താണ് ബന്ധമെന്ന് വിശദീകരിക്കാനും കോടതി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
എന്നാൽ അനുമതിയില്ലാതെ ചട്ടം ലംഘിച്ച് പണിത വീടുകൾ മാത്രമാണ് പൊളിച്ചതെന്നാണ് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചത്. എങ്കിൽ ഇത് സംബന്ധിച്ച് നടപടിക്രമം പാലിച്ചോ എന്ന കാര്യത്തിൽ വിവരങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.