
മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലുണ്ടായ രാമജന്മഭൂമി പ്രസ്ഥാനത്തെപ്പറ്റിയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശക്തമായി തിരിച്ചടിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. രാഹുല്‍ ഗാന്ധിയുടേത് കുട്ടികളുടെ ബുദ്ധിയാണെന്നായിരുന്നു ചൗഹാന്‍റെ മറുപടി.
"രാഹുല്‍ ഗാന്ധി പാകതയെത്താത്ത, ബാല ചാപല്യം വിട്ടുമാറാത്ത വ്യക്തിയാണ്. ഇതുവരെ അദ്ദേഹം ശരിയായ അര്‍ഥത്തില്‍ പ്രതിപക്ഷ നേതാവായിട്ടില്ല. അദ്ദേഹം പറയുന്നത് ഇന്ത്യ മുന്നണി രാമജന്മഭൂമി പ്രസ്ഥാനത്തെ തകര്‍ത്തുവെന്നാണ്. രാഹുല്‍ ജീ, രാമന്‍ ഞങ്ങളുടെ നിലനില്‍പ്പാണ്, ഞങ്ങളുടെ മാതൃകയാണ്, ഞങ്ങളുടെ ദൈവമാണ്. ഇന്ത്യയുടെ സ്വത്വമാണ് രാമന്‍," ശിവ് രാജ് സിങ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാമജന്മഭൂമി പ്രസ്ഥാനം പലതവണ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ശിവ് രാജ് സിങ് ചൗഹാന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് ബാലമനസ്സാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചൗഹാന്‍റെ ഈ വിമർശനം. അഹമ്മദാബാദ് സന്ദര്‍ശന വേളയില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ സീറ്റിനെപ്പറ്റി സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി രാമജന്മഭൂമി പ്രസ്ഥാനത്തെപ്പറ്റിയുള്ള പരാമര്‍ശം നടത്തിയത്.
അയോധ്യയില്‍ ബിജെപിയെ തോല്‍പ്പിച്ചതിലൂടെ ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തെയാണ് ഇന്ത്യാ മുന്നണി പരാജയപ്പെടുത്തിയത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.