
ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ, ഭരണഘടനയെ പൂര്‍ണതോതില്‍ കടന്നാക്രമിക്കുകയാണെന്ന ആമുഖത്തോടെയാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെയെല്ലാം ആക്രമിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭരണഘടന നിരന്തരം ആക്രമിക്കപ്പെട്ടു. അതിനെ ജനങ്ങള്‍ പ്രതിരോധിച്ചു. അങ്ങനെ ചെറുത്തുനിന്നവര്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ പലരും ജയിലിലാണ്. ചിലര്‍ പുറത്തിറങ്ങി. ജനങ്ങള്‍ക്കൊപ്പം ഞാനും ആക്രമിക്കപ്പെട്ടു. സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവിനെത്തുടര്‍ന്നാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. എംപി സ്ഥാനം പോലും റദ്ദാക്കപ്പെട്ടു. 55 മണിക്കൂറാണ് ഇ.ഡിക്ക് മുന്നില്‍ ഇരിക്കേണ്ടിവന്നത്. എന്താണ് കല്ലുപോലെ ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. അതെല്ലാം ആസ്വദിച്ചു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണണ്. പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയ്ക്കൊപ്പം, പരമശിവന്‍, മുഹമ്മദ് പ്രവാചകന്‍, ജീസസ് ക്രൈസ്റ്റ്, ഗുരു നാനാക് എന്നിവരുടെ ചിത്രങ്ങളുമായാണ് രാഹുല്‍ സഭയിലെത്തിയത്. പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍, പ്രതിപക്ഷം ആരെയും ഭയക്കുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. എന്നാല്‍ ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണെന്നും അംഹിസയാണ് അതിന്റെ സന്ദേശമെന്നും രാഹുല്‍ വ്യക്തമാക്കി.
ബിജെപി, ആര്‍എസ്എസ് സംഘടനകളെയും രാഹുല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അക്രമരാഹിത്യത്തെക്കുറിച്ചാണ് മഹാന്മാരായ ആളുകള്‍ സംസാരിച്ചിട്ടുള്ളത്. എന്നാല്‍, ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്നവര്‍ പകയും വിദ്വേഷവുമാണ് സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഹിന്ദുക്കളെ അക്രമികളെന്ന് രാഹുല്‍ പരാമര്‍ശിച്ചെന്നാരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ ബഹളമുണ്ടാക്കി. ഹിന്ദുക്കളെ അക്രമികളെന്ന് രാഹുൽ വിളിച്ചെന്നും, അത് ഗൗരവമേറിയ കാര്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഹുല്‍ മാപ്പ് പറയണമെന്നും, അഭയമുദ്രയെക്കുറിച്ച് പറയാന്‍ രാഹുലിന് അവകാശമില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍. ഇതോടെ, സ്പീക്കര്‍ ഇടപെട്ടു. പരാമര്‍ശം പരിശോധിക്കുമെന്ന റൂളിങ്ങില്‍ രാഹുല്‍ പ്രസംഗം തുടര്‍ന്നു. സത്യത്തിനൊപ്പം നില്‍ക്കുന്നവരാണ് ഹിന്ദു, നിങ്ങള്‍ ഹിന്ദുവല്ല. ബിജെപിയും ആര്‍എസ്എസും എന്നാല്‍ മുഴുവന്‍ ഹിന്ദു സമൂഹമല്ലെന്നും രാഹുല്‍ പറഞ്ഞു.
അയോധ്യയിൽ കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വിമാനത്താവളം നിർമിച്ചുവെന്നും ചെറുകിട കച്ചവടക്കാരെ പുറത്താക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു . ഇതുകൊണ്ടാണ് അയോധ്യയിൽ ബിജെപി തോറ്റതെന്നും രാഹുൽ ഗാന്ധി പറഞ്ഞു . രാഹുലിന്റെ പ്രസംഗത്തിനിടയിൽ നരേന്ദ്ര മോദിയും, അമിത് ഷായും , രാജ്‌നാഥ് സിങ്ങും എഴുന്നേറ്റ് നിന്ന് മറുപടി പറഞ്ഞു. പ്രസംഗത്തിനിടയിൽ രാഹുലിനെ ഭരണപക്ഷം ഒന്നിച്ചെതിർത്തു. മണിപ്പൂരിൽ ആഭ്യന്തര കലഹം ഉണ്ടാക്കാൻ ബിജെപി ശ്രമിച്ചെന്നും, മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്ന് ബിജെപി കരുതുന്നില്ലെന്നും പറഞ്ഞ രാഹുൽ എന്ത്‌കൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാതിരുന്നതെന്നും ചോദിച്ചു.