
കല്‍പ്പറ്റ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തെ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി. വയനാട് ഉരുള്‍പൊട്ടല്‍ നടന്ന മേപ്പാടി ക്യാംപില്‍ താനും പ്രിയങ്കയും പോയപ്പോള്‍ ശ്രുതിയെയും അവളുടെ സഹന ശക്തിയെക്കുറിച്ചും മനസിലാക്കിയിരുന്നെന്ന് രാഹുല്‍ ഗാന്ധി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജെന്‍സന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നു. ശ്രുതി തനിച്ചല്ലെന്നും എല്ലാ പ്രാര്‍ഥനകളും ശ്രുതിക്കൊപ്പമുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
'വയനാട് ഉരുള്‍പൊട്ടല്‍ നടന്ന മേപ്പാടി ക്യാംപില്‍ ഞാനും പ്രിയങ്കയും പോയപ്പോള്‍ ശ്രുതിയെയും അവളുടെ സഹന ശക്തിയെക്കുറിച്ചും മനസിലാക്കിയിരുന്നു. ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ശ്രുതി ധൈര്യത്തോടെയാണ് എല്ലാത്തെയും നേരിട്ടതെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന് അവള്‍ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായിരിക്കുന്നു. പ്രതിശ്രുത വരന്‍ ജെന്‍സന്റെ വിയോഗം.
ശ്രുതി, ജെന്‍സന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തില്‍ നീ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക, പെട്ടെന്ന് ഭേദമായി തിരിച്ചു വരാനാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അതേ ധൈര്യത്തോടെ ഈ ദുരന്തത്തെയും മറികടക്കാന്‍ നിനക്ക് സാധിക്കട്ടെ,' രാഹുല്‍ ഗാന്ധി കുറിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സണ്‍ വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജെന്‍സന്റെ നില അതീവ ഗുരുതരമാണെന്ന് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് മനോജ് നാരാണന്‍ അറിയിച്ചിരുന്നു. തുടര്‍ച്ചയായ രക്തസ്രാവമാണ് മരണത്തിന് കാരണം. വയനാട് ദുരന്തത്തിലെ അതിജീവിതയായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയല്‍ സ്വദേശി ജെന്‍സന്‍. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാല്‍ മാത്രം ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വര്‍ഷമായി കൂടെയുള്ള ജെന്‍സണ്‍ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഈ ദുരന്തം.