ജാതി സെന്‍സസ്: ഞങ്ങളുടെ ആശയം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്ന് രാഹുല്‍ ഗാന്ധി

ജാതി സെന്‍സസ്: ഞങ്ങളുടെ ആശയം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്ന് രാഹുല്‍ ഗാന്ധി
Published on

അടുത്ത വര്‍ഷത്തെ സെന്‍സസിനൊപ്പം ജാതി സെന്‍സസും ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തിന്റെ നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെന്‍സസ് വികസനത്തിന്റെ പുതിയ മാതൃകയാണെന്നും തങ്ങളുടെ ആശയം ബിജെപി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ജാതി സെന്‍സസില്‍ തെലങ്കാന മാതൃകയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പ്രതിപക്ഷം ഇക്കാര്യം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്ത പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജാതിയെ ഉപയോഗിച്ചത് രാഷ്ട്രീയ ആയുധമായി മാറ്റാനാണെന്നും, കോണ്‍ഗ്രസ് എല്ലാക്കാലത്തും ജാതി സര്‍വേയെ എതിര്‍ത്തവരാണെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചിരുന്നു.

ചില സംസ്ഥാന സര്‍ക്കാരുകള്‍ ജാതി സര്‍വേകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് ശാസ്ത്രീയമല്ല, അപൂര്‍ണമാണ്. ആര്‍ട്ടിക്കിള്‍ 246 പ്രകാരം സെന്‍സസ് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന് കീഴിലുള്ളതാണ്. ജാതി സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമെ അധികാരമുള്ളൂവെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com