ആർഎസ്എസിനെതിരായ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം ലോക്സഭാ രേഖകളിൽ നിന്നും നീക്കി

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കിയതിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്
ആർഎസ്എസിനെതിരായ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം ലോക്സഭാ രേഖകളിൽ നിന്നും നീക്കി
Published on

ആർ എസ് എസിനെതിരെ രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയ ഹിന്ദു പരാമർശം രേഖകളിൽ നിന്നും നീക്കി. ഹിന്ദു, അഗ്നിവീർ വിഷയങ്ങളിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണ് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തത്. അതേസമയം രാഹുലിന്റ പരാമർശങ്ങൾ നീക്കിയതിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. കർഷക പ്രശ്നങ്ങളും, അഗ്നിവീർ പ്രതിസന്ധികളും ഇപ്പോഴും നിലനിൽക്കുന്നതായി അഖിലേഷ് യാദവ് പറഞ്ഞു.

മതങ്ങളെയും, ഹിന്ദുക്കളെയും കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങളാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ രാജ്യത്ത് 24 മണിക്കൂറും അക്രമത്തിലും വിദ്വേഷപ്രചരണത്തിലും പങ്കാളികളാകുന്നു എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഹിന്ദു സമൂഹത്തെയൊന്നാകെ അക്രമികളെന്ന് വിളിക്കുന്നതിനെ ഗൗരവമായി കാണണമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. അന്തരീക്ഷം ചൂടുപിടിച്ചതോടെ, രാഹുല്‍ തന്റെ പക്ഷം കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിക്കയും ചെയ്തു.

ബിജെപി, ആര്‍എസ്എസ്, മോദി എന്നാല്‍ രാജ്യത്തെ മൊത്തം ഹിന്ദു സമൂഹമല്ലെന്നായിരുന്നു രാഹുലിന്റെ ഓര്‍മപ്പെടുത്തല്‍. എല്ലാ മതങ്ങളും മഹാന്മാരായ ആളുകളും അക്രമരാഹിത്യത്തെക്കുറിച്ചും നിര്‍ഭയത്വത്തെക്കുറിച്ചുമാണ് പറഞ്ഞത്. എന്നാല്‍ ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെക്കുറിച്ചും, വിദ്വേഷത്തെക്കുറിച്ചും, അസത്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളല്ല - എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. 

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. ഹിന്ദുക്കളെന്ന് അഭിമാനംകൊള്ളഉന്ന രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ച രാഹുല്‍ ഗാന്ധി സഭയോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയും, 1984 സിഖ്-വിരുദ്ധ കലാപവും അമിത് ഷാ രാഹുലിനുള്ള മറുപടിയില്‍ പരാമര്‍ശിച്ചു. രാജ്യത്ത് ഭീകരത അഴിച്ചുവിട്ടത് കോണ്‍ഗ്രസായതിനാല്‍, അക്രമരാഹിത്യത്തെക്കുറിച്ച് പറയാന്‍ രാഹുലിന് യോഗ്യത ഇല്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്ന് രാഹുല്‍ തുടര്‍ന്നു പറഞ്ഞു. ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയവയെല്ലാം നിര്‍ഭയത്വമാണ് അടിവരയിടുന്നത്. സര്‍വ ഭയവും വെടിഞ്ഞ് ധൈര്യത്തോടെയിരിക്കാന്‍ മതങ്ങള്‍ ഓര്‍മപ്പെടുത്തുന്നുവെന്ന് ആവര്‍ത്തിച്ചാണ് രാഹുല്‍ ആ ഭാഗം അവസാനിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com