'അൻവറിന്റെ അറസ്റ്റിനു പിന്നിൽ അധികാരത്തിന്റെ അഹന്ത'; പൊലീസ് വാഴ്ച അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വ്യക്തിപരമായി അത് അനുഭവിക്കേണ്ടി വന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ ഒരുതരത്തിലും ഈ അറസ്റ്റിനേയും ഇത്തരത്തിലുള്ള പൊലീസ് വാഴ്ചയേയും അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു
'അൻവറിന്റെ അറസ്റ്റിനു പിന്നിൽ അധികാരത്തിന്റെ അഹന്ത'; പൊലീസ് വാഴ്ച അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Published on

പി.വി. അൻവറിന്റെ അറസ്റ്റിനു പിന്നിൽ അധികാരത്തിന്റെ അഹന്തയും ധാർഷ്ട്യവുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആ അഹങ്കാരവും ധാർഷ്ട്യവും ആദ്യമായല്ല കേരളം കാണുന്നത്. എത്രയോ തവണ കണ്ടതാണ്. വ്യക്തിപരമായി അത് അനുഭവിക്കേണ്ടി വന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ ഒരുതരത്തിലും ഈ അറസ്റ്റിനേയും ഇത്തരത്തിലുള്ള പൊലീസ് വാഴ്ചയേയും അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.


പി.വി. അൻവറിനെതിരെ പല ​ഗുരുതരമായ ആരോപണങ്ങളും ഇതിനു മുൻപും വന്നിട്ടുണ്ട്. അന്നൊന്നും സംസ്ഥാന സർക്കാരിന് അന്വേഷണവുമില്ല വീടുവളയലുമില്ല, അറസ്റ്റുമില്ല. കാരണം അന്ന് അൻവർ പിണറായി വിജയന്റെ വിശ്വസ്തനായ ഭരണപക്ഷ എംഎൽഎ ആയിരുന്നു. ഇന്ന് ആ ഇമ്മ്യൂണിറ്റി ഇല്ലാതാകുമ്പോൾ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ ഒരു എംഎൽഎയെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു. ഇത് അധികാരത്തിന്റെ അഹന്തയും അധികാരത്തിന്റെ ധാർഷ്ട്യവുമാണ് - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു പി.വി. അൻവറിന്റെ പ്രതികരണം. സമാനമായ പ്രതികരണമാണ് പല കോൺ​ഗ്രസ് നേതാക്കളും നടത്തുന്നത്. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലുണ്ടെന്ന അൻവറിന്റെ ആരോപണം ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം പറഞ്ഞത്. അറസ്റ്റിനു പിന്നിൽ സർക്കാരിൻ്റെ രാഷ്ട്രീയ വൈരാഗ്യമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

വലിയ സന്നാഹത്തോടെ എത്തിയാണ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലുണ്ടായ അക്രമസംഭവങ്ങളിൽ പി.വി. അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വർ പ്രസംഗിച്ച് പോയ ശേഷം ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച കടന്ന പ്രവർത്തകർ ജനൽ ചില്ലുകൾ, കസേര എന്നിവ അടിച്ചു തകർക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com