
തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നെഞ്ചിടിപ്പോടെ മുന്നണികൾ. പൂർണ വിജയപ്രതീക്ഷയാണ് മത്സരരംഗത്തുള്ള സ്ഥാനാർഥികൾ പങ്കുവയ്ക്കുന്നത്. ആര് നേടും, എത്ര ഭൂരിപക്ഷം ഉണ്ടാകുമെന്നും മാത്രമാണ് ഇനി പ്രധാനമായും ജനങ്ങളും അതുപോലെ സ്ഥാനാർഥികളും, പാർട്ടികളും ഉറ്റുനോക്കുന്നത്.
പൂർണ വിജയ പ്രതീക്ഷയാണ് ഇടതുപക്ഷ മുന്നണി സ്ഥാനാർഥി പി. സരിൻ പങ്കുവെച്ചത്. യുഡിഎഫ് ഇല്ലാതാകുമെന്നും, എൻഡിഎ രണ്ടാം സ്ഥാനത്തായിരിക്കുമെന്നും സരിൻ പ്രതികരിച്ചു. ആശങ്കയ്ക്ക് വക ഇല്ലെന്നും, കണക്കുകൾ കൃത്യമാണെന്നും സരിൻ പറഞ്ഞു.
ബിജെപി സ്ഥാനാർഥി സി.കൃഷ്‌ണകുമാറും വലിയ പ്രതീക്ഷയോടെയാണ് പ്രതികരിച്ചത്. 5000 കൂടുതൽ വോട്ടിന് വിജയിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. സംഘടനാപരമായ കണക്കുകൂട്ടൽ മാത്രമാണ് ഇതെന്നും, പ്രതീക്ഷിക്കുന്ന രീതിയിൽ ഘടകങ്ങൾ പ്രവർത്തിച്ചാൽ ഭൂരിപക്ഷം അഞ്ചക്കത്തിൽ വരുമെന്നും കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.
അന്തിമ വിജയം മതേതരത്വത്തിനൊപ്പമാണെന്നാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. ഏറ്റവും നല്ല ആത്മവിശ്വാസത്തോടു കൂടിയാണ് റിസൾട്ടിനെ സമീപിക്കുന്നതെന്നും വലിയ മുന്നേറ്റമായിരിക്കും കോൺഗ്രസ് നടത്തുകയെന്നും വി.കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. ഇപ്പോൾ പുറത്തുവരാൻ പോകുന്ന ഫലം അടുത്ത നിയമസഭാ തെരഞ്ഞടുപ്പിനുള്ള ഫലസൂചന കൂടിയാണെന്നും, പാലക്കാട് നിലവിലുള്ള മതേതര സംവിധാനം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു ഫലമാണ് വരാനിരിക്കുന്നത്. കൂടുവിട്ട് കൂടുമാറ്റങ്ങളും അപ്രതീക്ഷിതവും അതിസാഹസികവുമായ പൊളിറ്റിക്കല്‍ ട്വിസ്റ്റുകളുമായിരുന്നു പ്രചരണകാലത്തുടനീളം പ്രകടമായത്. ഒന്നു മുതല്‍ പതിനാല് വരെയുള്ള ബൂത്തുകളിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ നടക്കുക. ഇതില്‍ ഒന്നും, രണ്ടും ബൂത്തുകള്‍ യുഡിഎഫിന് സ്വാധീനമുള്ള മേഖലകളാണെങ്കിലും ബാക്കി പന്ത്രണ്ട് എണ്ണവും ബിജെപി ലീഡ് ചെയ്ത് വരുന്നതാണ്. അതുകൊണ്ടു തന്നെ ആദ്യ റൗണ്ടില്‍ ബിജെപി ലീഡ് ചെയ്താല്‍, അത് ഫല സൂചനയായി കാണാന്‍ കഴിയില്ല. എന്നാല്‍ വോട്ട് കുറഞ്ഞാല്‍ ബിജെപിക്ക് ആശങ്കപ്പെടേണ്ടിവരും. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,658 വോട്ടുകളാണ് ബിജെപി ആദ്യ റൗണ്ടില്‍ നേടിയത്. യുഡിഎഫ് 1854 വോട്ടും, എല്‍ഡിഎഫ് 1233 വോട്ടും നേടി.
എന്നാല്‍ നഗരസഭയില്‍ ബിജെപി തരംഗം ഉണ്ടായിട്ടും യുഡിഎഫിന്റെ സ്വാധീന മേഖലയായ ഒന്ന്, രണ്ട് ബൂത്തുകളില്‍ ഷാഫി പറമ്പിലിന് വോട്ട് കുറഞ്ഞിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യ റാണ്ടില്‍ 4,707 വോട്ട് നേടിയിരുന്നു. യുഡിഎഫ് 2614 വോട്ടും നേടി. എന്നാല്‍ ആദ്യ റൗണ്ടിലെ നേട്ടം ബിജെപിക്ക് പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഒന്‍പതിനായിരത്തിലധികം വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്. യുഡിഎഫിന്റെ സ്വാധീന മേഖലകളിലേക്ക് കടക്കണമെങ്കില്‍ അഞ്ച് റൗണ്ടെങ്കിലും കഴിയണം.
എല്‍ഡിഎഫിന് നഗരസഭയില്‍ ശക്തി കേന്ദ്രങ്ങള്‍ കുറവാണെങ്കിലും ഓരോ ബൂത്തിലും വോട്ട് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതീക്ഷയേറും. 2021ല്‍ ആദ്യ റൗണ്ടില്‍ നൂറില്‍ താഴെ വോട്ടുള്ള പത്ത് ബൂത്തുകളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് ബൂത്തുകളായി കുറഞ്ഞു. സരിന്റെ സ്ഥാനാര്‍ഥിത്വം കല്‍പാത്തി മേഖലയില്‍ സ്വാധീനം ചെലുത്തിയോ എന്നതും ആദ്യ റൗണ്ടില്‍ വ്യക്തമാകും. 9,599 വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനുളളത്.