
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായായതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഈ പ്രായത്തിൽ തന്നെ പാർട്ടി ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്. ഇപ്പോൾ തന്നിരിക്കുന്ന ഈ അവസരവും വലുതാണ് എന്നും രാഹുൽ പറഞ്ഞു. വളരെ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ, പാലക്കാട് പോലെ ഒരു സീറ്റ് തന്നതിൽ സന്തോഷമുണ്ട്. പ്രിയങ്ക ഗാന്ധി ഇന്ത്യൻ പാർലമെന്റിലേക്ക് കാലെടുത്ത് വയ്ക്കുന്ന നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ പാർട്ടി നിയോഗിച്ചതിൽ ഒരു സാധാരക്കാരനെന്ന നിലയിൽ വലിയ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യാ ഹരിദാസും മത്സരിക്കും. സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയതോടെയാണ് പാലക്കാട് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും സ്ഥാനാർഥിയാകും.
നവംബര്‍ 13നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി നവംബർ നാലിനാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം ഒരു പോലെ വിജയപ്രതീക്ഷയിലാണ്. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവും മുന്നണികൾ ഉന്നയിച്ചു. നവംബർ 13ന് കല്പാത്തി രഥോത്സവമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.