ട്രെയിനിൽ 11 വയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് റെയിൽവേ ജീവനക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

പെൺകുട്ടിയുടെ വീട്ടുകാർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയപ്പോൾ, കൊല്ലപ്പെട്ട പ്രശാന്ത് കുമാറിൻ്റെ കുടുംബം കൊലക്കുറ്റത്തിനും പരാതി നൽകിയിട്ടുണ്ട്.
ട്രെയിനിൽ 11 വയസുകാരിയെ  പീഡിപ്പിച്ചെന്ന് ആരോപിച്ച് റെയിൽവേ ജീവനക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
Published on


ട്രെയിനിൽ വെച്ച് 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് റെയിൽവേ ജീവനക്കാരനെ തല്ലിക്കൊന്നു. ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഹംസഫർ എക്സ്‌പ്രസിലെ യാത്രക്കാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്നാണ് വ്യാഴാഴ്ച രാത്രിയോടെ റെയിൽവേയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

നേരത്തെ പെൺകുട്ടിയെ പ്രശാന്ത് സ്വന്തം സീറ്റിൽ ഇരുത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി 11.30 ഓടെ പെൺകുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ നേരത്ത് പ്രശാന്ത് കുമാർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോൾ കരയുന്ന കുട്ടിയെ ആണ് കണ്ടത്.

തുടർന്നാണ് പ്രകോപിതരായ കുട്ടിയുടെ ബന്ധുക്കളും ഏതാനും ചില യാത്രക്കാരും ചേർന്ന് പ്രശാന്ത് കുമാറിനെ മർദ്ദിച്ചത്. ലഖ്നൌവിന് അടുത്തുള്ള ഐഷ്ബാഗ് ജംഗ്ഷനിൽ വെച്ചാണ് പ്രശാന്തിനെ മർദ്ദിക്കാൻ തുടങ്ങിയത്. കാൺപൂർ സെൻട്രൽ സ്റ്റേഷൻ എത്തുന്നത് വരെ ഒന്നര മണിക്കൂറോളം നേരം മർദ്ദനം തുടർന്നുവെന്നാണ് പൊലീസിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

പെൺകുട്ടിയുടെ വീട്ടുകാർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയപ്പോൾ, കൊല്ലപ്പെട്ട പ്രശാന്ത് കുമാറിൻ്റെ കുടുംബം കൊലക്കുറ്റത്തിനും പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ സമസ്ത്പൂർ ഗ്രാമത്തിലാണ് പ്രശാന്ത് താമസിക്കുന്നത്. പ്രശാന്ത് അത്തരത്തിലുള്ള ആളായിരുന്നില്ലെന്ന് കുമാറിൻ്റെ അമ്മാവൻ പവൻ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് തോന്നുന്നു. ഇത്രയും നേരം മർദ്ദിച്ചതാണ്. റെയിൽവേ പൊലീസ് സേനയിൽ നിന്ന് ആരും തന്നെ ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ട്രെയിൻ ഐഷ്ബാഗ് കടന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പറഞ്ഞെന്നും തുടർന്ന് കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് പ്രതിയെ മർദിച്ചതായും പ്രയാഗ്‌രാജ് എസ്‌പി അഭിഷേക് യാദവ് പറഞ്ഞു. കാൺപൂർ സെൻട്രലിൽ വെച്ച് പ്രതിയെ ഏൽപിച്ചുവെന്നും പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. ഒപ്പം പരാതിയും നൽകി. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും എസ്‌പി കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com