ഡൽഹിയിൽ മഴ തുടരും; ഇന്നും നാളെയും ഓറഞ്ച് അലർട്ട്

മൺസൂണിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുകയും 11 പേർ മരണപ്പെടുകയും ചെയ്തിരുന്നു.
ഡൽഹിയിൽ മഴ തുടരും;
ഇന്നും നാളെയും ഓറഞ്ച് അലർട്ട്
Published on

ഡൽഹിയിൽ കനത്ത മഴ തുടരുന്നു. ഇന്നും നാളെയും അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൺസൂണിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുകയും 11 പേർ മരണപ്പെടുകയും ചെയ്തിരുന്നു.വെള്ളിയാഴ്ച റെക്കോർ‍ഡുകൾ ഭേദിച്ചാണ് തലസ്ഥാനത്ത് മഴ പെയ്തത്. മൺസൂൺ ആഞ്ഞടിച്ചപ്പോൾ നഗരത്തിൽ 228.1 മില്ലിമീറ്റർ മഴയാണ് ഒരു ദിവസം രേഖപ്പെടുത്തിയത്. 1936ന് ശേഷം ജൂണിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണ് അന്ന് രേഖപ്പെടുത്തിയത്.

വെള്ളപ്പൊക്കത്തിൽ അണ്ടർപാസുകളിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെയും, അവശ്യവസ്തുക്കൾ ലഭിക്കാൻ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന പ്രദേശവാസികളുടെയും നിരവധി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സമയ്പൂർ ബദരിയിൽ മഴക്കെടുതിയിൽ കുട്ടികൾ മുങ്ങി മരിക്കുകയും, വസന്ത് വിഹാറിലെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ മരണപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് നിരവധി കാറുകൾ തകർന്നു. യാത്രക്കാരെ കാത്തുനിന്ന ക്യാബ് ഡ്രൈവർ അപകടത്തിൽ മരിച്ചു.

വെള്ളക്കെട്ടിനെ തുടർന്ന് അടച്ചിട്ടിരുന്ന പ്രഗതി മൈതാൻ തുരങ്കം ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയ തലസ്ഥാനത്ത് അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മൺസൂൺ കാലത്ത് ഡൽഹിയിൽ 650 മില്ലിമീറ്റർ മഴ പെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ ആദ്യ ദിവസം തന്നെ ഇതിൻ്റെ മൂന്നിലൊന്ന് നഗരത്തിന് ലഭിച്ചതായി കാലാവസ്ഥ കണക്കുകൾ കാണിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com