രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കൽ: സംസ്ഥാനത്തെ എസ്‌ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിങ് എസ്‌ഡിപിഐക്ക് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയിരുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കൽ: സംസ്ഥാനത്തെ എസ്‌ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
Published on


രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കുന്നെന്ന കണ്ടെത്തലിന് പിന്നാലെ സംസ്ഥാനത്തെ എസ്‌ഡിപിഐ ഓഫീസുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. ദേശീയ പ്രസിഡൻ്റ് എം. കെ. ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് റെയ്ഡ്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിങ് എസ്‌ഡിപിഐക്ക് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയിരുന്നു.


പിഎഫ്ഐ കേഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റൂട്ട് മാറ്റാന്‍ ശ്രമിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാലയടക്കമുള്ള മാർഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചിരുന്നു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകള്‍ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്നും ഇഡി പറയുന്നു.

എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി തന്നെയെന്ന് ഇഡി പറഞ്ഞു. എം.കെ. ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകള്‍ നടന്നതെന്നും ഇഡി വ്യക്തമാക്കി.



എസ്‌ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും പോപ്പുലർ ഫ്രണ്ടാണെന്ന് ഇഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ടാണ്. രണ്ട് സംഘടനകൾക്കുമുള്ളത് ഒരേ നേതൃത്വവും അണികളുമാണ്. നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്‌ക്കെല്ലാം എസ്‌ഡി‌പി‌ഐ പി‌എഫ്‌ഐയെ ആശ്രയിച്ചിരുന്നു. ഇതിൻ്റെ തെളിവുകളാണ് കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും ഇഡി കണ്ടെത്തിയത്.

എസ്‌ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി രൂപ നൽകിയതിന്റെ രേഖകളും ലഭിച്ചു. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയാണ് രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പി‌എഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം കൈപ്പറ്റിയത്. 12 തവണ നോട്ടീസ് നൽകിയിട്ടും എം. കെ. ഫൈസി ഹാജരായില്ലെന്ന് ഇഡി പറഞ്ഞു. എം. കെ. ഫൈസിയെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com