സംസ്ഥാനത്തെ ഏറ്റവും മികച്ച സിഡിഎസ് സംരംഭം; രാജാക്കാട് കുടുംബശ്രീയുടെ ഫേമസ് ബേക്കറി കടക്കെണിയില്‍

2013ലാണ് ബൈസൺവാലി പഞ്ചായത്തിലെ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്തിന് സമീപത്ത് ഫേമസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച സിഡിഎസ് സംരംഭം; രാജാക്കാട് കുടുംബശ്രീയുടെ ഫേമസ് ബേക്കറി കടക്കെണിയില്‍
Published on

അധികൃതരുടെ കെടുകാര്യസ്ഥതയും പരിജ്ഞാന കുറവും കാരണം ഇടുക്കി രാജാക്കാട് കുടുംബശ്രീയുടെ സംരംഭം പ്രതിസന്ധിയിൽ. ജില്ലയിലെ തന്നെ മികച്ച സിഡിഎസ് സംരഭം ആയിരുന്ന ബൈസൺവാലിയിലെ ഫേമസ് ബേക്കറിക്കാണ് ലക്ഷങ്ങളുടെ ബാധ്യതയുണ്ടായത്.

2013ലാണ് ബൈസൺവാലി പഞ്ചായത്തിലെ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്തിന് സമീപത്ത് ഫേമസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് ബേക്കറിക്ക് വേണ്ടി 80 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചു. ഗുണനിലവാരമുള്ള ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ച ഫേമസ് ബേക്കറി പിന്നീട് ജില്ലയിലെ ഏറ്റവും നല്ല ബേക്കറികളിൽ ഒന്നായി മാറി.

2018ലെ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും നേടി. മുൻ ധനകാര്യ മന്ത്രി ഡോക്ടർ ടി.എം. തോമസ് ഐസക് കുടുംബശ്രീയുടെ മാതൃകാ സംരംഭമായി ഫേമസ് ബേക്കറിയെ ഉയർത്തിക്കാട്ടി. എന്നാൽ പിന്നീട് അധികൃതരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലും മൂലം ഫേമസ് ബേക്കറി അടച്ചുപൂട്ടേണ്ടി വന്നു. വിവിധ ബാങ്കുകളിലായി ഒരു കോടി രൂപയിലധികം ബാധ്യതയാണ് ബേക്കറിക്കുള്ളത്. കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ കേരള ബാങ്കിൽ നിന്ന് ലക്ഷങ്ങൾ വായ്പയുമെടുത്തിട്ടുണ്ട്. ഇതോടെ കുടുംബശ്രീ പ്രവർത്തകരും പ്രതിസന്ധിയിലാണ്.

കടക്കെണിയിലായതോടെ വായ്പയടച്ച് തീർക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങൾക്കായി. ബേക്കറി സ്വകാര്യ വ്യക്തികൾക്ക് നൽകാൻ നീക്കം നടക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ബേക്കറി സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടില്ലെന്നും കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നുമാണ് പഞ്ചായത്ത് ഭരണപക്ഷത്തിൻ്റെ അവകാശവാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com