
കത്തിയോ കത്രികയോ പോലുള്ള മൂർച്ചയുള്ള ഉപകരണങ്ങൾ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. ഉദയ്പൂരിൽ പത്താംക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റതിന് പിന്നാലെയാണ് നടപടി. പുതിയ മാർഗനിർദേശം സ്കൂൾ നോട്ടീസ് ബോർഡുകളിൽ പതിക്കുകയും, അസംബ്ലികളിൽ വിദ്യാർഥികളെ അറിയിക്കുകയും ചെയ്യും.
മാർഗനിർദേശം അനുസരിച്ച്, അധ്യാപകർ വിദ്യാർഥികളുടെ സ്കൂൾ ബാഗുകൾ പരിശോധിച്ച് അത്തരം വസ്തുക്കളൊന്നും സ്കൂളിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണം. മാർഗരേഖ ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങളും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ:
കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് പഠിക്കാനാണെന്ന് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറഞ്ഞു. വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം സ്‌കൂൾ പരിസരമാകണം. അവിടെ ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകരുത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉദയ്പൂരിലെ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയെ തന്റെ സഹപാഠികളിലൊരാൾ കത്തി ഉപയോഗിച്ച് അക്രമിച്ചത്. സംഭവത്തിനു പിന്നാലെ രാജസ്ഥാനില്‍ വർഗീയ സംഘർഷം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. നഗരത്തിൻ്റെ പലഭാഗങ്ങളിലും അക്രമികൾ കാറുകൾ കത്തിക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.