
ഐപിഎല്ലിൽ ആദ്യ ജയം തേടി സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. എതിരാളികൾ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത. മത്സരം വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിൽ നടക്കും. പരിക്കിൽ നിന്നും മോചിതനായെത്തിയ സഞ്ജു ഇന്നും കളിക്കുക ഇംപാക്ട് പ്ലേയറായി തന്നെയാകും. റിയാൻ പരാഗ് തന്നെയാകും ടീമിനെ നയിക്കുക.
ഹൈദരാബാദിനോട് തോറ്റെങ്കിലും സഞ്ജുവും കൂട്ടരും തലയുയർത്തി പിടിച്ച് തന്നെയാണ് ആദ്യ മത്സരം പൂർത്തിയാക്കിയത്. സഞ്ജു സാംസൺ (66), ധ്രുവ് ജുറേൽ (70), ഹെറ്റ്മെയർ (42), ശുഭം ദുബെ (34) എന്നിവരുടേയും ബാറ്റിങ് പ്രകടനങ്ങൾ രാജസ്ഥാന് പ്രതീക്ഷ സമ്മാനിക്കുന്നതായിരുന്നു.
ആദ്യ മത്സരത്തിൽ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിൻ്റെ തോൽവിയാണ് പിങ്ക് ആർമി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് സാധിച്ചില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടാനേ രാജസ്ഥാന് സാധിച്ചുള്ളൂ. ഇഷാൻ കിഷൻ്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുമാണ് കൂറ്റൻ സ്കോർ പടുത്തുയർത്താൻ സൺറൈസേഴ്സിനെ സഹായിച്ചത്.