
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. നിര്‍ബന്ധിതവും നിയമവിരുദ്ധവുമായ മതപരിവര്‍ത്തനം തടയുന്നതിനായി നിയമ നിര്‍മാണം നടത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബി.ജെ.പി അംഗവും അഭിഭാഷകനുമായ ആശ്വിനി കുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.
നിലവില്‍ മതപരിവര്‍ത്തനം സംബന്ധിച്ച് പ്രത്യേക നിയമമൊന്നും ഇല്ലെന്നും, എന്നാല്‍ നിയമനിര്‍മാണം നടത്താനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വിവിധ വിഷയങ്ങളില്‍ സുപ്രിം കോടതിയും രാജസ്ഥാന്‍ ഹൈക്കോടതിയും നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
2022 ജനുവരിയില്‍ തമിഴ്നാട്ടില്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായ പതിനേഴുകാരി ആത്മഹത്യ ചെയ്തതിനു പിന്നാലെ കേന്ദ്രവും സംസ്ഥാനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് അശ്വിനി കുമാര്‍ സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ വിശദീകരണം തേടി സുപ്രീം കോടതി 2022 സെപ്റ്റംബറില്‍ തന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചത്.