രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രള്‍ഹാദ് ജോഷി

പാർട്ടി നേതൃത്വത്തിൽ മൊത്തത്തിൽ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രള്‍ഹാദ് ജോഷി
Published on
Updated on

കേരളാ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന വരണാധികാരി പ്രള്‍ഹാദ് ജോഷിയാണ് ഔദ്യോഗികമായി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റിയില്‍ ദേശീയ നേതൃത്വമാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. പാർട്ടി നേതൃത്വത്തിൽ മൊത്തത്തിൽ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രീനാരായണ ​ഗുരുവിന്റെ ഉദ്ധരണിയാണ് സംസ്ഥാന സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ട ശേഷം രാജീവ് ചന്ദ്രശേഖർ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക", എന്ന ശ്രീനാരായണ വാക്യമാണ് രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്. 

2006ലാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുന്നത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി. 2020 മുതല്‍ ബിജെപിയുടെ ദേശീയ വക്താവാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.

1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലെ തറവാട് വീട്. മണിപ്പാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com