രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ; കോൺഗ്രസ് വയനാട്ടിൽ കുടുംബത്തിലെ ഓരോരുത്തരെയായി അടിച്ചേൽപ്പിക്കുന്നു

വയനാട്ടിൽ രാഹുലിന്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും
രാഹുൽ ഗാന്ധിയെ പരിഹസിച്ച്  രാജീവ് ചന്ദ്രശേഖർ; കോൺഗ്രസ് വയനാട്ടിൽ കുടുംബത്തിലെ ഓരോരുത്തരെയായി അടിച്ചേൽപ്പിക്കുന്നു
Published on

രാഹുല്‍ ഗാന്ധി എംപിയെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്ന സാഹചര്യത്തിലാണ് പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബി.ജെ.പി നേതാവിന്റെ വിമര്‍ശനം. 

'നാണമില്ലായ്മ എന്നൊന്നുണ്ട്, ഇത് കോണ്‍ഗ്രസിന്റെ നാണമില്ലായ്മയാണ്. തന്റെ കുടുംബത്തിലെ ഓരോരുത്തരെയായി വയനാട്ടില്‍ അടിച്ചേല്‍പ്പിക്കുകയാണ്. വയനാട്ടിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചിടത്ത് മറ്റൊരാളെ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ്. ഒരു നാണവുമില്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി വായനാട്ടുകാരില്‍ നിന്നും മറച്ചു വെച്ചു. മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് കീഴില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ഇതാണ്,' രാജീവ് ചന്ദ്രശേര്‍ കുറിച്ചു. 

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലുമായി രണ്ടിടത്താണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. ഇതില്‍ റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്നത്. കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്തുന്ന തീരുമാനം അറിയിച്ചത്. വയനാട്ടില്‍ രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com