ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന്‍റെ റീല്‍സ് ചിത്രീകരണം; വീഡിയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ദേവസ്വം

ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന്‍റെ റീല്‍സ് ചിത്രീകരണം; വീഡിയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ദേവസ്വം
Published on

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയന്ത്രണങ്ങളുള്ള ഇടത്താണ് റീൽസ് ചിത്രീകരിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലായെന്നും പരിശോധിക്കട്ടെയെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പ്രതികരിച്ചു.

ഹൈക്കോടതി വിലക്കുള്ളതിനാൽ വിഷു ദിനത്തിൽ ക്ഷേത്രത്തിനുള്ളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളെ അധികൃതർ അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിന് വെളിയിൽ നിന്നാണ് മാധ്യമങ്ങൾ അന്നേ ദിവസത്തെ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ദേവസ്വം അധികൃതരോ സെക്യൂരിറ്റി ജീവനക്കാരോ റീൽസ് ചിത്രീകരിക്കുന്നതിൽ നിന്ന് രാജീവ് ചന്ദ്രശേഖറിനെ വിലക്കിയില്ലെന്നാണ് ആരോപണം.

ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ജസ്ന സലീമിനെതിരെ കേസെടുത്തത്. ഗുരുവായൂർ ടെമ്പിൾ പൊലീസിൻറെയായിരുന്നു നടപടി.

നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിലാണ് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com