'ഗെയിം ചേഞ്ചറിന്റെ വണ്‍ലൈന്‍ കൊടുത്തത് ഞാനാണ്'; പക്ഷെ പിന്നീട് ആ ലോകം മാറി മറഞ്ഞെന്ന് കാര്‍ത്തിക് സുബ്ബരാജ്

ഗെയിം ചേഞ്ചറിന്റെ കഥ കാര്‍ത്തിക് സുബ്ബരാജിന്റേതായിരുന്നു
'ഗെയിം ചേഞ്ചറിന്റെ വണ്‍ലൈന്‍ കൊടുത്തത് ഞാനാണ്'; പക്ഷെ പിന്നീട് ആ ലോകം മാറി മറഞ്ഞെന്ന് കാര്‍ത്തിക് സുബ്ബരാജ്
Published on


സംവിധായകന്‍ ശങ്കറിന്റെ ഗെയിം ചേഞ്ചര്‍ തിയേറ്ററില്‍ പരാജയമായതിനെ കുറിച്ച് തുറന്ന് സംസാരിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ഗെയിം ചേഞ്ചറിന്റെ കഥ കാര്‍ത്തിക് സുബ്ബരാജിന്റേതായിരുന്നു. അടുത്തിടെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ വണ്‍ലൈന്‍ കൊടുത്തത് താനാണെന്നും പിന്നീട് ടീം ആ ലോകവും കഥയും തിരക്കഥയും മാറ്റിയെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

'സിനിമയുടെ വണ്‍ലൈന്‍ ഞാനാണ് കൊടുത്തത്. വളരെ സാധാരണക്കാരനായ ഒരു ഐഎഎസ് ഓഫീസര്‍ രാഷ്ട്രീയക്കാരനായി മാറുന്നതായിരുന്നു കഥ. ശങ്കര്‍ സാറിനോട് ഐഡിയ പറഞ്ഞപ്പോള്‍ അത് അദ്ദേഹം വലുതാക്കുന്നത് കാണാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരുന്നു. എന്നാല്‍ ആ ലോകം ആകെ മാറി മറയുകയായിരുന്നു', കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

'ഒരുപാട് എഴത്തുകാര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥ ഒരുപാട് മാറി. കഥയില്‍ വരെ ചെറിയ രീതിയില്‍ മാറ്റം വന്നിരുന്നെന്നും', കാര്‍ത്തിക് വ്യക്തമാക്കി. ഗെയിം ചേഞ്ചറിന് റിലീസിന് പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. എല്ലായിടത്തുനിന്നും ചിത്രത്തിന് മോശം റിവ്യു ആണ് ലഭിച്ചിരുന്നത്.

ചിത്രം തിയേറ്ററില്‍ മികച്ച വിജയം കാഴ്ച്ചവെക്കാത്തതിനെ കുറിച്ചും കാര്‍ത്തിക് സംസാരിച്ചു. 'സിനിമ വര്‍ക്കാവുന്ന പ്രതിഭാസത്തെ നിങ്ങള്‍ക്ക് ഒരിക്കലും നിര്‍വചിക്കാനാവില്ല. എന്തുകൊണ്ട് ഈ ചിത്രം പ്രേക്ഷകരുമായി കണക്ട് ആയില്ലെന്ന് ആര്‍ക്കും നിര്‍വചിക്കാനാവില്ല', എന്നാണ് കാര്‍ത്തിക് പറഞ്ഞത്.

രാം ചരണ്‍ നായകനായി എത്തിയ ഗെയിം ചേഞ്ചര്‍ നിര്‍മിച്ചത് ദില്‍ രാജുവാണ്. 300 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ 180 കോടിയാണ് നേടിയത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തിലെ നായിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com