മാസപ്പിറവി കണ്ടു, ഇനി വ്രതശുദ്ധിയുടെ നാളുകൾ; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ

മാസപ്പിറ കണ്ടതോടെ കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ
മാസപ്പിറവി കണ്ടു, ഇനി വ്രതശുദ്ധിയുടെ നാളുകൾ; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ
Published on


മാസപ്പിറ കണ്ടതോടെ കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

പൂവാർ, വർക്കല ഭാഗത്ത് പിറ കണ്ടതായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി പ്രഖ്യാപനം നടത്തി. റമദാൻ മാസപ്പിറവി ദൃശ്യമായെന്നും നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാരംഭം തുടങ്ങുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രഖ്യാപനം നടത്തി. വിശ്വാസികൾ ഏറെ പ്രതീക്ഷയോട് കൂടിയാണ് റമദാനെ കാത്തിരിക്കുന്നതെന്നും, വിശ്വാസികൾ വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തുവാൻ എപ്പോഴും തയ്യാറാവും എന്നതാണ് റമദാൻ്റെ പ്രത്യേകതയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

പൊന്നാനിയിലും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും സ്ഥിരീകരിച്ചു.


പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന്‍ മാസത്തെ ഇസ്‌ലാം മതവിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചും.. രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാനിരതമായ മനസുമായി രാവും പകലും വിശ്വാസികൾ നിലകൊള്ളുന്ന നാളുകളാണിനി വരുന്നത്. ക്ഷമയും സഹനശീലവും വര്‍ധിപ്പിച്ച് വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ ഇസ്‌ലാം ലക്ഷ്യമിടുന്നത്. ദൈവ വചനങ്ങളുമായി ജിബ്രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായി കണക്കാക്കുന്നതിനാല്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം റമദാന്‍ അത്രമേല്‍ പ്രാധാന്യമേറിയതാണ്.



ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ഖദര്‍ രാവും റമദാനിലാണെന്നാണ് വിശ്വാസം. നിര്‍ബന്ധ ദാനമായ സക്കാത്തിനും മറ്റ് ദാനധര്‍മങ്ങള്‍ക്കും വിശ്വാസികള്‍ തിരഞ്ഞെടുക്കുന്നതും റമദാനിനെയാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി കണക്കാക്കുന്ന ബദര്‍ യുദ്ധം നടന്നതും റമദാന്‍ മാസത്തിലാണെന്നാണ് വിശ്വാസം. റമദാനില്‍ മറ്റുള്ളവരെ നോമ്പു തുറപ്പിക്കുന്നതും സംഘടിതമായി നോമ്പു തുറക്കുന്നതും പുണ്യകരമായ കാര്യമായി കണക്കാക്കുന്നു. രാത്രികാലങ്ങളിലുള്ള തറാവീഹ് നമസ്കാരമടക്കമുള്ള പ്രാര്‍ഥനകള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് പള്ളികളില്‍ ഒരുക്കിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com