
പിആർ ഏജൻസി പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണെന്നും മുഖ്യമന്ത്രി പിആർ ഏജസിയെ ഉപയോഗിച്ച് അഭിമുഖം നൽകുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
സംഘപരിവാറിനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏജൻസി പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞ കാര്യം തന്നെ. മുഖ്യമന്ത്രി സംഘപരിവാറിന്റെ നാവാകുന്നു. തുടർഭരണം ബിജെപിയുടെ സംഭാവനയാണ്. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് അദ്ദേഹം മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. നവകേരള സദസ് പിആർ ഏജൻസിയുടെ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും നിലവിലുണ്ട്. എന്നിട്ടും പിആർ ഏജൻസിയെ വെച്ച് അഭിമുഖം കൊടുക്കുന്നു. ഉടഞ്ഞുപോയ വിഗ്രഹങ്ങളെ നന്നാക്കാൻ പിആർ ഏജൻസിക്ക് സാധിക്കില്ല. മഹാരാഷ്ട്രയിൽ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് ആരോപണ വിധേയമായ കെയ്സൻ. നഷ്ടപ്പെട്ടുപോയ മുഖച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ അഭിമുഖം. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വത്സൻ തില്ലങ്കേരിയുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരമെന്നും നാല് മണിക്കൂർ ചർച്ച ചെയ്യുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ദ ഹിന്ദുവിൽ വന്ന വിവാദ അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ചും പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് ഉറ്റു നോക്കുന്നത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേ തീരുവെന്ന ആവശ്യം സിപിഐ ആവർത്തിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ വീശദീകരണമുണ്ടാകാം. രാവിലെ മന്ത്രിസഭാ യോഗം ചേർന്ന ശേഷമായിരിക്കും മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച.