'ഈ അവസരം തന്ന എന്‍റെ ജനറൽ സെക്രട്ടറിക്ക് നന്ദി'; മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത മഹാ പുരുഷന്മാരിൽ ഒരാളാണ് മന്നത്ത് പദ്മനാഭനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
'ഈ അവസരം തന്ന എന്‍റെ ജനറൽ സെക്രട്ടറിക്ക് നന്ദി'; മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
Published on

മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അചലഞ്ചനായ നേതാവാണെന്നും തികഞ്ഞ അഭിമാന ബോധത്തോടെയാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

"ഇത് ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു. നിരവധി പ്രഗല്‍ഭരായ വ്യക്തിത്വങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എനിക്കും അവസരം തന്ന എന്‍റെ ജനറൽ സെക്രട്ടറിക്ക് നന്ദി", രമേശ് ചെന്നിത്തല പറഞ്ഞു.



കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത മഹാ പുരുഷന്മാരിൽ ഒരാളാണ് മന്നത്ത് പദ്മനാഭനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിട്ട ഒരു സമൂഹത്തെ പുരോ​ഗതിയുടെ പാതയിലേക്ക് എത്തിക്കാനും നവോത്ഥാനത്തിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനും നേതൃത്വം കൊടുത്ത ആളാണ് മന്നത്ത് പദ്മനാഭൻ. അന്ധവിശ്വാസങ്ങളിൽ അകപ്പെട്ട നായർ സമുദായത്തെ പുറത്ത് കൊണ്ട് വന്ന മഹത് വ്യക്തിത്വം. അദ്ദേഹം കേരളത്തിനും സമുദായത്തിനും ചെയ്തത് വിലമതിക്കാൻ ആകാത്ത കാര്യങ്ങളാണ്. നായർ സമുദായത്തോട് ജോലി എടുത്ത് ജീവിക്കാൻ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോലെ സമുദായത്തിന്റെ പ്രശ്നങ്ങൾ പഠിച്ച മറ്റൊരാളില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്നത്ത് പദ്മനാഭന്‍ ശൂന്യതയില്‍ നിന്ന് ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത മഹാനുഭാവനാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 

ആപത് ഘട്ടങ്ങളിൽ തനിക്ക് അഭയം തന്നിട്ടുള്ളത് എൻഎസ്എസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രീഡിഗ്രിക്ക് പ്രവേശനം നേടാൻ എൻഎസ്എസ് സഹായിച്ചത് ഓർത്തെടുത്തായിരുന്നു പരാമർശം. രാഷ്ട്രീയ മേഖലയിൽ കൃത്യമായ ഇടപെടലുകൾ എൻഎസ്എസ് നടത്താറുണ്ട്. ഇപ്പോൾ ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ നടത്തുന്ന ഇടപെടലുകൾ സ്വീകാര്യമാണ്. ഇതര സമുദായങ്ങൾക്ക് ദോഷകരമായി ഒന്നും ചെയ്യില്ലെന്ന് വിളക്കുകൊളുത്തി പ്രതിജ്ഞ ചെയ്താണ് എൻഎസ്എസ് എന്ന പ്രസ്ഥാനം ആരംഭിച്ചത്. ആ നിലവിളക്ക് ഇന്നും അതേ ശോഭയോടെ കത്തിക്കൊണ്ടിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനത്തിൽ എൻഎസ്എസ് മന്നത്ത് പദ്മനാഭന്റെ പാത പിന്തുടർന്നു. മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ ജനറൽ സെക്രട്ടറി അടക്കം പുലർത്തുന്ന ജാഗ്രതയ്ക്ക് ചെന്നിത്തല അഭിനന്ദനങ്ങൾ അറിയിച്ചു. എന്‍എസ്എസിനെതിരെ വരുന്ന അടികൾ തടയാനുള്ള വടി മന്നത്ത് പദ്മനാഭന്റെ കൈയിൽ ഉണ്ടായിരുന്നു. ആ അദൃശ്യമായ വടി ജി. സുകുമാരൻ നായരുടെ കൈയിലുമുണ്ട്. സർക്കാർ ജനജീവിതം ദുസഹമാക്കിയാൽ ജനങ്ങൾ അവർക്ക് എതിരെ തിരിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com