
ഹരിയാന എക്സിറ്റ് പോള്‍ ഫലം ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിൻ്റെ സൂചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണിത്. വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ബിജെപി സഖ്യം തകർന്നടിയുമെന്നും ചെന്നിത്തലപറഞ്ഞു.
ഹരിയാന സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗമെന്നാണ് എക്സിറ്റ് പോൾ ഫല സൂചനകള്‍. 55 മുതൽ 62 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഒരു പതിറ്റാണ്ടിനുശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.
ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത്, ധ്രുവ് റിസർച്ച് സർവേകൾ അടക്കം ഹരിയാനയിൽ കോൺഗ്രസിൻ്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. കോൺഗ്രസിന് 44 നും 64 നും ഇടയിൽ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 20 നും 32 നും ഇടയിലാണ് സീറ്റ് പ്രവചനം.
ജമ്മു കശ്മീരിൽ 40 മുതൽ 48 വരെ സീറ്റുകൾ നേടി കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ-സി വോട്ടർ സർവേയുടെ പ്രവചനം. ബിജെപി 27 മുതൽ 32 വരെ സീറ്റുകളും നേടിയേക്കും . പിഡിപിയ്ക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പ്രചിക്കപ്പെടുന്നു. ധ്രുവ് റിസർച്ചിൻ്റെ എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസ് 50 മുതൽ 64 സീറ്റുകൾ നേടുമെന്നും, ബിജെപി 22 മുതൽ 32 വോട്ടുകൾ വരെ നേടുമെന്നും പ്രതീക്ഷിക്കുന്നു.
പീപ്പിൾസ് പൾസ് സർവേ അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസിന് 61 സീറ്റുകൾ വരെ ലഭിച്ചേക്കും. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ജമ്മു കശ്മീരിൽ 46 മുതൽ 50 സീറ്റുകളിലേക്ക് വിജയിക്കുമെന്നുമാണ് ഫലങ്ങൾ. ഹരിയാനയിൽ 20 മുതൽ 32 വരെ സീറ്റുകളും ജമ്മു കശ്മീരിൽ 23 മുതൽ 27 വരെ സീറ്റുകളും ബിജെപി നേടുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു.
ഹരിയാനയിൽ കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകളും ബിജെപി 18 മുതൽ 24 സീറ്റുകളും നേടുമെന്നും റിപ്പബ്ലിക് എക്സിറ്റ് പോൾ പറയുന്നു. ജമ്മു കശ്മീരിൽ ബിജെപിക്ക് 25 സീറ്റുകളും കോൺഗ്രസിന് 12 സീറ്റുകളും പിഡിപിക്ക് 28 സീറ്റുകളും റിപ്പബ്ലിക് പ്രവചിച്ചിട്ടുണ്ട്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മൂന്നാം ഭരണ തുടർച്ച സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.