കാരണവർ വധക്കേസ്: 'ശിക്ഷാ ഇളവ് നിയമവിരുദ്ധം, ഷെറിൻ്റെ മോചന ശുപാർശ തള്ളണം'; ഗവർണർക്ക് കത്തയച്ച് രമേശ് ചെന്നിത്തല

ടിപി വധക്കേസിലുൾപ്പെടെയുള്ള പ്രതികളെ പുറത്തിറക്കുന്നതിൻ്റെ ഭാഗമായാണ് ഷെറിനെ ഇപ്പോൾ മോചിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു
കാരണവർ വധക്കേസ്: 'ശിക്ഷാ ഇളവ് നിയമവിരുദ്ധം, ഷെറിൻ്റെ മോചന ശുപാർശ തള്ളണം'; ഗവർണർക്ക് കത്തയച്ച് രമേശ് ചെന്നിത്തല
Published on


ചെങ്ങന്നൂർ ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചന ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന് പിന്നിൽ മന്ത്രിസഭയിലെ ഉന്നതരുടെ സ്വാധീനമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.


കാരണവർ വധക്കേസിനെ ഒരു അതിക്രൂര കൊലപാതകമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ കത്ത്. ജയിലിനുള്ളിൽ വെച്ച് തന്നെ ഷെറിൻ പല തരത്തിലും ക്രൂരത പ്രകടിപ്പിച്ചതിനാൽ ജയിൽ അധികാരികൾ അവരെ ജയിലുകളിൽ നിന്ന് ജയിലിലുകളിലേക്ക് മാറ്റി. കുറ്റവാളിയുടെ ഈ പെരുമാറ്റം, ഷെറിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ്. പിണറായി സർക്കാരിന് മേലുള്ള ഷെറിൻ്റെ സ്വാധീനം മൂലം, ഇവർക്ക് ഇടയ്ക്കിടെ പരോളുകൾ അനുവദിച്ചിട്ടുണ്ട്. പലപ്പോഴും ഇവരെ ഒരു സാധാരണ പൗരനെപ്പോലെ സ്വതന്ത്ര ജീവിതം ആസ്വദിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഷെറിൻ ജയിലിനകത്തും പുറത്തും ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം താരതമ്യം ചെയ്താൽ, ഭൂരിഭാഗം കാലയളവിലും ജയിലിന് പുറത്തായിരുന്നുവെന്ന് ചെന്നിത്തല കത്തിൽ പറയുന്നു. ടിപി വധക്കേസിലുൾപ്പെടെയുള്ള പ്രതികളെ പുറത്തിറക്കുന്നതിൻ്റെ ഭാഗമായാണ് ഷെറിനെ ഇപ്പോൾ മോചിപ്പിക്കുന്നത്. ഷെറിനെ മോചിപ്പിക്കാൻ അനുവദിക്കുന്നത് സർക്കാരിനെ ഇനിയും ഇത്തരം തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ഷെറിൻ്റെ മോചനം തടയണമെന്ന് ഗവർണറോട് അഭ്യർഥിച്ചു.


അതേസമയം കാരണവർ വധക്കേസ് പ്രതി ഷെറിനെ ജയിൽ മോചിതയാക്കിയത് കുറ്റവാളി മാനസാന്തരപ്പെട്ടതുകൊണ്ടാണെന്നാണ് ജയിൽ ഉപദേശക സമിതി അംഗം എം.വി. സരളയുടെ വിശദീകരണം. മാനസാന്തരം ഉണ്ടായതോടെ എല്ലാക്കാലത്തും കുറ്റവാളിയായി കണക്കാക്കാൻ സാധിക്കില്ല. ശിക്ഷാ ഇളവിന് പരിഗണിച്ചത് ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണെന്നും എല്ലാ റിപ്പോർട്ടുകളും പരിശോധിച്ചാണ് ഉപദേശക സമിതിയുടെ തീരുമാനമെന്നും എം.വി. സരള ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.



2009 നവംബർ ഏഴിന് രാത്രിയാണ് ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കാരണവരുടെ ഇളയ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കാമുകൻ ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദും നിഥിനും കൂട്ടാളികളായി ഷെറിനൊപ്പമുണ്ടായിരുന്നു.

അവിഹിത ബന്ധം ചോദ്യം ചെയ്തതും സ്വത്ത് തട്ടിയെടുക്കലുമായിരുന്നു കൊലപാതകത്തിൻ്റെ കാരണങ്ങളെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഉറങ്ങിക്കിടന്ന കാരണവരെ ഷെറിൻ്റെ സുഹൃത്തുക്കൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നാലു പ്രതികളെയും മാവേലിക്കര അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പ്രതികളുടെ അപ്പീൽ ഹൈക്കേടതിയും സുപ്രീം കോടതിയും തള്ളിയതോടെ കഴിഞ്ഞ 15 കൊല്ലമായി പ്രതികൾ ജയിലിലാണ്. ജീവപര്യന്തം ശിക്ഷാ കാലയളവായ 14 കൊല്ലം പിന്നിട്ടതോടെയാണ് ഒന്നാം പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഷെറിന് പരോളുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. ഒന്നര വർഷത്തോളമാണ് ഷെറിൻ പരോളിൽ പുറത്ത് കഴിഞ്ഞത്. നെയ്യാറ്റിൻകര വനിതാ ജയിലിൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി 2015ൽ വിയ്യൂർ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഷെറിന് ജയിൽ ഡോക്ടർ, കുട അനുവദിച്ചതും വിവാദമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com