പാട്ടും പ്രചരണവുമേറ്റില്ല; രമ്യയെ കയ്യൊഴിഞ്ഞ് ചേലക്കരക്കാർ

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിലെ പഴയ പ്രതാപകാലത്തിലേക്ക് പാട്ടുപാടി തിരികെ പോകമെന്ന പ്രതീക്ഷയിലിരുന്ന കോൺഗ്രസിന് ഈ പരാജയം സൃഷ്ടിച്ചിരിക്കുന്നത് പ്രതിസന്ധി തന്നെയാണ്
പാട്ടും പ്രചരണവുമേറ്റില്ല; രമ്യയെ കയ്യൊഴിഞ്ഞ് ചേലക്കരക്കാർ
Published on


'ചേലക്കരയിൽ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു. നല്ലൊരു രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്'. തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ് പ്രതികരിച്ചതിങ്ങനെയാണ്. എന്നാൽ അത്രയെളുപ്പം തീരുന്നതാണോ രമ്യക്കും കോൺഗ്രസിനും ചേലക്കര നൽകിയ ഈ ക്ഷീണം. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിന് മാത്രമല്ല പ്രഹരമേല്പിച്ചത്. വ്യക്തിപരമായി നോക്കുമ്പോൾ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച രമ്യ ഹരിദാസിനും കനത്ത തിരിച്ചടിയാണ് മണ്ഡലം നൽകിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയ ഇടത് മുന്നണി സ്ഥാനാർഥി യു.ആര്‍. പ്രദീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്.

ഇടതിന്റെ ശക്തികേന്ദ്രങ്ങളായ വരവൂരും ദേശമംഗലവും വള്ളത്തോൾ നഗറുമെല്ലാം മികച്ച ലീഡ് നേടിയാണ് പ്രദീപ് ജയിച്ചു കേറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ സംസ്ഥാനത്തൊട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇടതിന് പ്രതികൂലമായിട്ടും, ശക്തമായ ഭരണവിരുദ്ധ വികാരം സർക്കാരിനെതിരെ ഉയർന്നിട്ടും ചേലക്കര നേടാനുറച്ച് രാപ്പകൽ കഷ്ടപെട്ടിട്ടും പരാജയത്തെ അത്ര നിസാരമായി കയ്യൊഴിയാൻ കോൺഗ്രസിനും രമ്യ ഹരിദാസിനും കഴിയില്ല എന്നത് വസ്തുത തന്നെയാണ്.


രമ്യയും ആലത്തൂരും

കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കുമ്പോഴാണ് 2019ലെ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നുള്ള ലോക്‌സഭാ സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രമ്യയെ തെരഞ്ഞെടുക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ 1,58,968 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർഥി പി. കെ. ബിജുവിനെ രമ്യ പരാജയപ്പെടുത്തിയത്. എന്നാൽ 2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രമ്യ തകർന്നു. മുൻപ് 5,33,815 വോട്ടും, 1,58,968 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്.

20143 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ നേടിയത്. ഈ ക്ഷീണം മാറ്റാനായാണ് രാധാകൃഷ്ണൻ എംപി ആയതോടെ ഒഴിവു വന്ന ചേലക്കരയിലേക്ക് രമ്യ ചേക്കേറിയത്. എന്നാൽ ചേലക്കരക്കാർ രമ്യയെ തുണച്ചില്ല. ഏഴുമാസത്തിനിടെ രണ്ടാം തവണയും ചേലക്കരക്കാർ രമ്യയെ തോൽപിച്ചു. കഴിഞ്ഞ തവണ വലത് സ്ഥാനാർഥി സി.സി. ശ്രീകുമാർ നേടിയ 44,015 വോട്ടുകേൾക്കാൾ കൂടുതൽ വോട്ടുകൾ നേടാൻ (52,626) രമ്യക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടിയും നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ചേലക്കര പിടിക്കാൻ കഴിയാതെപോയത് കോൺഗ്രസിന് ക്ഷീണം തന്നെയാണ്.


കൈ പിടിക്കാത്ത ചേലക്കര


പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിലെ പഴയ പ്രതാപകാലത്തിലേക്ക് പാട്ടുപാടി തിരികെ പോകമെന്ന പ്രതീക്ഷയിലിരുന്ന കോൺഗ്രസിന് ഈ പരാജയം സൃഷ്ടിച്ചിരിക്കുന്നത് പ്രതിസന്ധി തന്നെയാണ്. ആലത്തൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം മാറ്റാൻ ആണ് രമ്യയെ തന്നെ ചേലക്കരയിലെ സ്ഥാനാർഥിയാക്കിയത്. കൂടാതെ രൂപീകൃതമായതിനു ശേഷം ചേലക്കര മണ്ഡലത്തിലെ ആദ്യ വനിതാ ജനപ്രതിനിധി എന്ന നേട്ടം കൂടി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ചേലക്കരയിൽ കോൺഗ്രസിന് മുന്നിൽ ഉണ്ടായിരുന്നില്ല. ആ നിലയിലുള്ള പ്രചരണം തന്നെയാണ് മണ്ഡലത്തിൽ പാർട്ടി കാഴ്ചവെച്ചതും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ചിത്രമാകെ മാറി. ശക്തികേന്ദ്രങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.

ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചുവെന്നും 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും മാത്രം പറഞ്ഞ് ഈ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും എളുപ്പത്തിൽ പിന്മാറാൻ രമ്യയ്‌ക്കോ കോൺഗ്രസ് നേതൃത്വത്തിനോ കഴിയില്ല. പ്രത്യേകിച്ചും രമ്യയുടെ സ്ഥാനാർഥിത്വത്തെ പറ്റി വലിയ ചർച്ചകൾ ഈ തെരഞ്ഞെടുപ്പ് വേളയിൽ ഉന്നയിച്ച സാഹചര്യത്തിൽ. കൂടാതെ 2024 ലെ ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ രമ്യ ഹരിദാസിന്റെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. പ്രധാന നേതാക്കൾ അടക്കമുള്ള ആളുകൾക്കെതിരെയാണ് അന്ന് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടിനുമേൽ കടുത്ത നടപടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ അതേ രമ്യ ഹരിദാസ് തന്നെയാണ് ചേലക്കരയിൽ വീണ്ടും പരാജയപ്പെട്ടത്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ അടുത്ത നടപടി എന്താണെന്ന് തന്നെയാണ് നോക്കി കാണാൻ ഉള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com