ഹൈദരാബാദിലെ ഹോട്ടല്‍ പൊളിച്ച സംഭവം; റാണാ ദഗ്ഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്

നടന്‍മാരായ വെങ്കിടേഷ്, റാണ, നിര്‍മാതാവ് സുരേഷ് ദഗ്ഗുബതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഹൈദരാബാദിലെ ഹോട്ടല്‍ പൊളിച്ച സംഭവം; റാണാ ദഗ്ഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്
Published on

ഹൈദരാബാദില്‍ അനധികൃതമായി ഹോട്ടല്‍ പൊളിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ റാണാ ദഗ്ഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദ് ഫിലിം നഗറിലെ ഡെക്കാന്‍ കിച്ചന്‍ ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് കേസ്. സംഭവത്തില്‍ നടന്‍മാരായ വെങ്കിടേഷ്, റാണ, നിര്‍മാതാവ് സുരേഷ് ദഗ്ഗുബതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഹൈദരാബാദ് ഫിലിം നഗര്‍ പൊലീസാണ് കേസെടുത്തത്. നിര്‍മാതാവായ ദഗ്ഗുബതി സുരേഷ് ഒന്നാം പ്രതിയും സഹോദരനും നടനുമായ വെങ്കിടേഷ് രണ്ടാം പ്രതിയും റാണ ദഗ്ഗുബതി മൂന്നാം പ്രതിയുമായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദഗ്ഗുബതി സുരേഷിന്റെ മകനാണ് റാണാ ദഗ്ഗുബതി. നിര്‍മാതാവും റാണയുടെ സഹോദരുമായ അഭിറാം ദഗ്ഗുബതിയാണ് നാലാം പ്രതി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448, 452, 458, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം അതിക്രമിച്ചു കടക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങള്‍. നമ്പള്ളി കോടതിയാണ് കേസില്‍ സിനിമാ കുടുംബത്തിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. കോടതിയലക്ഷ്യത്തെ തുടര്‍ന്നാണ് കേസെടുത്തത്.

ഹോട്ടല്‍ പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സിവില്‍ കോടതി ഉത്തരവും തെലങ്കാന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കെ ഇത് ലംഘിച്ചു കൊണ്ട് ദഗ്ഗുബതി കുടുംബം അന്യായമായി ഹോട്ടല്‍ പൊളിച്ചെന്ന പരാതിയിന്മേലാണ് നടപടി.

2022 നംവബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിക്കാന്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. ദഗ്ഗുബതി കുടുംബത്തില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമി നിയമപരമായ തര്‍ക്കങ്ങള്‍ക്ക് വിധേയമായിരുന്നു.

'ഓപ്പറേഷന്‍ കമല'യുമായി ബന്ധപ്പെട്ട് നാല് ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് നന്ദകുമാര്‍. കേസില്‍ അറസ്റ്റിലായി നന്ദകുമാര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് അനധികൃത നിര്‍മാണെന്ന് ആരോപിച്ച് ഹോട്ടല്‍ പൊളിക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്. കേന്ദ്രമന്ത്രിയായിരുന്ന ജി.കിഷന്‍ റെഡ്ഡിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ആളാണ് നന്ദകുമാര്‍. നന്ദകുമാറിന്റെ പരാതിയില്‍ ഹോട്ടല്‍ പൊളിക്കുന്നത് തടഞ്ഞ് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2024 ജനുവരിയില്‍ വെങ്കിടേഷും കുടുംബവും കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കി. ഇതേ തുടര്‍ന്ന് നന്ദകുമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 20 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com