സ്വപ്ന ഫൈനലിന് ഒരു വിളിപ്പാടകലെ കേരള ക്രിക്കറ്റ്; ചരിത്രം കുറിക്കാൻ സച്ചിൻ ബേബിയും സംഘവും റെഡി

2019ന് ശേഷം ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കളിക്കുന്നത്
സ്വപ്ന ഫൈനലിന് ഒരു വിളിപ്പാടകലെ കേരള ക്രിക്കറ്റ്; ചരിത്രം കുറിക്കാൻ സച്ചിൻ ബേബിയും സംഘവും റെഡി
Published on


രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് തിങ്കളാഴ്ച കേരളം ഗുജറാത്തിനെതിരെ കളത്തിലിറങ്ങുന്നു. കേരള ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ആദ്യ ര‍ഞ്ജി ട്രോഫി ഫൈനലാണ് സച്ചിൻ ബേബിയും കൂട്ടരും സ്വപ്നം കാണുന്നത്. 2019ന് ശേഷം ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കളിക്കുന്നത്.



17ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്ട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും. 2017ന് ശേഷം ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ മറികടക്കുകയെന്ന വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. ഒരു റൺ ഒന്നാമിന്നിങ്സ് ലീഡിന്‍റെ കരുത്തിൽ സെമിയിൽ കടന്ന കേരളത്തെ തുടർന്നും ഭാഗ്യം കടാക്ഷിക്കുമെന്ന് തന്നെയാണ് ആരാധകരുടെയും വിശ്വാസം.

ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ മുൻനിര ബാറ്റർമാരിൽ നിന്ന് കേരളം കൂടുതൽ മികവുറ്റ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. തകർപ്പൻ ഫോമിലുള്ള അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്കൊപ്പം രോഹൻ കുന്നുമ്മലും ഷോൺ റോജറും ക്യാപ്റ്റൻ സച്ചിൻ ബേബിയും കൂടി തിളങ്ങിയാൽ മാത്രമേ ഗുജറാത്തിന് വെല്ലുവിളി ഉയർത്താൻ കേരളത്തിനാകൂ. ജലജ് സക്സേനയുടേയും ആദിത്യ സർവേതേയുടെയും ഓൾറൗണ്ട് മികവും കേരളത്തിൻ്റെ ഫൈനൽ സ്വപ്നങ്ങൾക്ക് ചിറകേകും.


ഗുജറാത്തിൻ്റെ ബൗളിങ് നിരയിലെ ഇന്ത്യൻ സ്പിന്നറായ രവി ബിഷ്ണോയ് കേരളത്തിന് വെല്ലുവിളി ഉയർത്തിയേക്കും. പ്രിയങ്ക് പഞ്ചാൽ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ക്യാപ്റ്റൻ ചിന്തൻ ഗാജ എന്നിവരേയും സച്ചിനും കൂട്ടരും കരുതിയിരിക്കണം. 2019ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയത് ഗുജറാത്തിനെ തോൽപിച്ചായിരുന്നു. അന്നത്തെ ആറ് താരങ്ങൾ ഇപ്പോഴും കേരള ടീമിലുണ്ട്. നിലവിലെ ചാംപ്യൻമാരായ മുംബൈ രണ്ടാമത്തെ സെമിയിൽ വിദർഭയുമായി ഏറ്റുമുട്ടും. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഈ പോരാട്ടം നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com