
രഞ്ജി ട്രോഫിയിൽ നിർണായകമായ ഒന്നാം സെമി ഫൈനലിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് കേരളത്തിൻ്റെ പുലിക്കുട്ടികൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ 457 റൺസിന് ഓൾഔട്ടായി.
341 പന്തിൽ പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീനാണ് കേരള ടീമിൻ്റെ രക്ഷകൻ. നേരത്തെ സച്ചിൻ ബേബി (69), സൽമാൻ നിസാർ (52), അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്സേന (30) എന്നിവരും കേരളത്തിനായി തിളങ്ങിയിരുന്നു.
ഗുജറാത്തിൻ്റെ പേരുകേട്ട ബൌളിങ് നിരയ്ക്കെതിരെ കരുത്തുറ്റ ബാറ്റിങ് പ്രകടനമാണ് കേരള ടീം ഒന്നടങ്കം പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നി 187 ഓവറുകൾ ബാറ്റു ചെയ്യാൻ കേരള താരങ്ങൾക്കായി. ഗുജറാത്തിനായി നാഗസ്വല്ല മൂന്ന് വിക്കറ്റും ചിന്തൻ ഗജ രണ്ടും വിക്കറ്റെടുത്തു.
നിർണായകമായ സെമി ഫൈനലിൽ ഇനി ശേഷിക്കുന്ന മൂന്ന് ദിവസത്തിനകം മത്സരഫലം എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളികളായ ക്രിക്കറ്റ് ആരാധകർ. സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിൽ ഒന്നാമിന്നിങ്സ് ലീഡ് നേടാനായാൽ കേരളം ഫൈനലിലേക്ക് കടക്കും. ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നനേട്ടത്തിന് അരികിലാണ് കേരളം. മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് 14.3 ഓവറിൽ 55/0 എന്ന നിലയിലാണ്.