അനായാസം വിദര്‍ഭ; കരുണിന് സെഞ്ചുറി, 286 റണ്‍സ് ലീഡ്; കേരളത്തിന് തിരിച്ചുവരവ് ദുഷ്കരം

മത്സരം ഒരു ദിവസം മാത്രം ശേഷിക്കെ, കേരളത്തിന് തിരിച്ചുവരവ് ദുഷ്കരമാണ്.
അനായാസം വിദര്‍ഭ; കരുണിന് സെഞ്ചുറി, 286 റണ്‍സ് ലീഡ്; കേരളത്തിന് തിരിച്ചുവരവ് ദുഷ്കരം
Published on


രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ കുതിപ്പ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടരുന്ന വിദര്‍ഭ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍, നാല് വിക്കറ്റിന് 249 റണ്‍സ് എന്ന നിലയിലാണ്. കേരളത്തിനെതിരെ 286 റണ്‍സിന്റെ ലീഡാണ് വിദര്‍ഭ സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ കരുണ്‍ നായരും, അര്‍ധ സെഞ്ചുറി നേടിയ ഡാനിഷ് മാലെവാറും ചേര്‍ന്നാണ് വിദര്‍ഭയെ മികച്ച സ്കോറിലെത്തിച്ചത്. 280 പന്തില്‍ 132 റണ്‍സുമായി കരുണും, നാല് റണ്‍സുമായി അക്ഷയ് വാഡ്കറുമാണ് ക്രീസില്‍. മത്സരം ഒരു ദിവസം മാത്രം ശേഷിക്കെ, കേരളത്തിന് തിരിച്ചുവരവ് ദുഷ്കരമാണ്.

വിദര്‍ഭയ്ക്കായി പാര്‍ഥ് രേഖാഡെയും ധ്രുവ് ഷോറെയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, രണ്ടാം ഓവറില്‍ തന്നെ കേരളം വിദര്‍ഭയെ ഞെട്ടിച്ചു. ജലജ് സക്സേന രേഖാഡെയുടെ വിക്കറ്റ് തെറിപ്പിച്ചു. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത രേഖാഡെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. മൂന്നാമത്തെ ഓവറില്‍ ഷോറെയും പുറത്തായി. എം.ഡി. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീനായിരുന്നു ക്യാച്ച്. ആറ് പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഷോറെയുടെ സമ്പാദ്യം. പിന്നാലെ കളത്തിലെത്തിയ ഡാനിഷും കരുണും ചേര്‍ന്നാണ് വിദര്‍ഭയുടെ ഇന്നിങ്സിന് അടിത്തറയിട്ടത്.

രണ്ട് വിക്കറ്റിന് ഏഴ് റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു വിദര്‍ഭയെ ഡാനിഷും കരുണും ചേര്‍ന്ന് മുന്നോട്ടുനയിച്ചത്. ഇതിനിടെ, കരുണ്‍ നല്‍കിയ ക്യാച്ചുകള്‍ കേരളം വിട്ടുകളയുകയും ചെയ്തു. ആദ്യ ഇന്നിങ്സിലും തകര്‍ച്ചയില്‍നിന്ന് വിദര്‍ഭയെ രക്ഷപെടുത്തിയത് ഡാനിഷ്-കരുണ്‍ ജോഡിയാണ്. ഡാനിഷ് സെഞ്ചുറിയും കരുണ്‍ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. ഇക്കുറി മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 162 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് ഡാനിഷ് പുറത്തായി. അക്ഷ് ചന്ദ്രന്റെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു. 56 പന്തില്‍ 24 റണ്‍സെടുത്ത യാഷ് റാത്തോഡിനെ ആദിത്യ സര്‍വാതെ വിക്കറ്റിനു മുന്നിലും കുടുക്കി.

നേരത്തെ, വിദര്‍ഭയുടെ 379 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 342 റണ്‍സില്‍ അവസാനിച്ചിരുന്നു. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായാണ് വിദര്‍ഭ രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിങ്സ് പൂര്‍ത്തിയാകുക അസാധ്യമാണ്. അതിനാല്‍ കേരളത്തിന്റെ ജയസാധ്യതകള്‍ വിദൂരമാണ്. മത്സരം സമനിലയിലായാലും ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ വിദര്‍ഭ ജേതാക്കളാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com