
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിൻ്റെ കസ്റ്റഡിയിൽ നിന്നുള്ള ചിത്രം ചർച്ചയായതിന് പിന്നാലെ അതിന് മറുപടിയുമായി വനിതാ കമ്മീഷൻ. അറസ്റ്റിലായതിന് ശേഷമുള്ള കണ്ണിന് ചുറ്റും കറുത്ത പാടുകളും, മുഖത്ത് ചതവുമുള്ള രന്യ റാവുവിൻ്റെ ചിത്രങ്ങളാണ് വലിയ ചർച്ചയായത്. കസ്റ്റഡിയിൽ വെച്ച് രന്യ മർദനത്തിന് വിധേയയായി എന്ന തരത്തിലായിരുന്നു പ്രചാരണം.
എന്നാൽ, മദനത്തിനോ കസ്റ്റഡി പീഡനത്തിനോ രന്യ റാവു വിധേയയാട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ മാത്രമേ വേണ്ടവിധം നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയുടെ പ്രതികരണം. "കമ്മീഷണർക്കോ എനിക്കോ സംഭവത്തെ കുറിച്ച് കത്തെഴുതുകയാണെങ്കിൽ വേണ്ട വിധം അന്വേഷണം നടത്താനും അതിനെതിരെ നടപടിയെടുക്കാനും സാധിക്കും. ഞങ്ങൾ അവരെ സഹായിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും, ശരിയായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനും അധികൃതർക്ക് കത്തയക്കും. അതാണ് കമ്മീഷന് ചെയ്യാൻ സാധിക്കുക. എന്നാൽ അവർ ഇതുവരെ കമ്മീഷനെ സമീപിച്ചിട്ടില്ല. അതിനാൽ ഇതിൽ കൂടുതൽ പ്രതികരിക്കാനാകില്ല," നാഗലക്ഷ്മി ചൗധരി പറഞ്ഞു.
"ആക്രമണം നടത്തിയയാൾ ആരായാലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ആരും നിയമം കയ്യിലെടുക്കാൻ പാടില്ലാത്തതായിരുന്നു. അന്വേഷണം അനുവദിക്കണം, നിയമം അതിന്റേതായ വഴിക്ക് പോകും.ആർക്കും ആരെയും ആക്രമിക്കാൻ അവകാശമില്ല, അത് സ്ത്രീയായാലും മറ്റാരായാലും. ഞാൻ അതിന് പൂർണ്ണമായും എതിരാണ്," നാഗലക്ഷ്മി ചൗധരി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രിയിലാണ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രന്യയിൽ നിന്ന് സ്വർണം പിടികൂടിയത്. 12.56 കോടി രൂപ വില വരുന്ന സ്വർണമാണ് രന്യയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലാവല്ലെ റോഡിലെ അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് 4.7 കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതോടെ രന്യയിൽ നിന്ന് ഇതുവരെ പിടിച്ചെടുത്ത സ്വർണത്തിനും പണത്തിനും 17.26 കോടി രൂപയുടെ മൂല്യം വരും.
രന്യ റാവുവിൻ്റെ കയ്യിൽ അറസ്റ്റിലാകുമ്പോൾ 17 സ്വർണക്കട്ടികൾ ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരോട് നടി കുറ്റസമ്മതം നടത്തിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വണത്തെ പറ്റിയാണ് നടി മൊഴി നൽകിയത്. മിഡിൽ ഈസ്റ്റ്, ദുബായ്, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നടത്തിയ അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങളും നടി വെളിപ്പെടുത്തിയതായാണ് സൂചന. അടുത്ത ഹിയറിങ്ങ് നടക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന 33കാരിയായ രന്യ റാവു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തുടർച്ചയായ വിദേശ യാത്രകൾ മൂലം വലിയ ക്ഷീണം അനുഭവിക്കുന്നതായും രന്യ റാവു റവന്യൂ ഉദ്യോഗസ്ഥരോട് പ്രതികരിച്ചിരുന്നു. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും രന്യ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.