
ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബഡോലിക്കെതിരായ കൂട്ടബലാത്സംഗ ആരോപണത്തിൽ പ്രതികരിച്ച് ഹരിയാന മന്ത്രി അനിൽ വിജ്. ആരോപണം അതീവ ഗുരുതരമെന്നും, ബിജെപി ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അനിൽ വിജ് പറഞ്ഞു. ബഡോലി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നുൾപ്പെടെ ആവശ്യം ശക്തമാകുന്നുണ്ട്.
ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബഡോലിക്കെതിരെ ഉയർന്ന കൂട്ടബലാത്സംഗ ആരോപണത്തോട് പ്രതികരിക്കുന്ന ആദ്യ ബിജെപി നേതാവാണ് അനിൽ വിജ്. സംഭവം അതീവ ഗുരുതരമാണെന്നും, വിഷയത്തിൽ ബിജെപി ഹൈക്കമാൻഡ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അനിൽ വിജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ബഡോലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരായ കൂട്ട ബലാത്സംഗ ആരോപണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ഹിമാചൽ പ്രദേശിലെ കസൗലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
കസൗലിയിലെ ഒരു ഹോട്ടലിൽ വെച്ച് നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായാണ് യുവതിയുടെ ആരോപണം. ഇരുവരും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷനെതിരായ ബലാത്സംഗ കേസിൽ ബിജെപിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. ബിജെപി സ്ത്രീവിരുദ്ധ പാർട്ടിയെന്ന് വീണ്ടും തെളിയിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രതികരണം. മോദിയുടെ പ്രിയപ്പെട്ടവനായതിനാലാണ് ബഡോലിയെ ബിജെപി അധ്യക്ഷനാക്കിയതെന്നും, സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനം ബഡോലി രാജിവയ്ക്കണമെന്നും പാർട്ടിക്കുള്ളിൽ നിന്നുമുൾപ്പെടെ ആവശ്യമുയരുന്നുണ്ട്.
ഒരു രാഷ്ട്രീയ നേതാവിൻ്റെ ജീവിതം സന്യാസിയുടെ ജീവിതം പോലെയാണെന്നും പ്രതിഛായയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ ഒരു കാര്യം ചെയ്യുന്നതിന് മുൻപ് പല തവണ ചിന്തിക്കണമെന്നും പാർട്ടിയുടെ പ്രശസ്തിയെക്കുറിച്ച് ഓർക്കണമെന്നും ബിജെപി നേതാക്കളും വിമർശനം ഉന്നയിക്കുന്നുണ്ട്.