സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; റാപ്പർ ഡബ്സി അറസ്റ്റില്‍

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഡബ്സിയെയും സുഹൃത്തുക്കളേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
ഡബ്സി (മുഹമ്മദ് ഫാസില്‍)
ഡബ്സി (മുഹമ്മദ് ഫാസില്‍)
Published on

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളി റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെ (33) അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. റാപ്പറിനൊപ്പം മൂന്ന് സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്‍റേയും പരാതിയിലാണ് പൊലീസ് ഡബ്സിയെയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെയുള്ള പരാതി.

ഈ വർഷം ജനുവരിയിൽ സം​ഗീതത്തിൽ നിന്നും ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്ന് ഡബ്സി പ്രഖ്യാപിച്ചിരുന്നു. കരിയറിന്റെ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇടവേള എന്നായിരുന്നു ഡബ്സിയുടെ വിശദീകരണം. ഒരു ചുവട് പിന്നോട്ട് വയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും സഹായിക്കുമെന്നും ഉടൻ വീണ്ടും കാണാമെന്നുമാണ് ഡബ്സി പറഞ്ഞിരുന്നത്.

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു ഇടവേളയെടുക്കുന്നതായി ഡബ്സി പ്രഖ്യാപിച്ചത്. സിനിമയിലെ ബ്ലഡ് എന്ന ​ഗാനത്തിന് റാപ്പറിന്റെ ശബ്ദം ചേരുന്നില്ലെന്നായിരുന്നു വിമർശനം. സ്റ്റേജ് പരിപാടികളുമായി ബന്ധപ്പെട്ടും വലിയ തോതിലുള്ള വിമർശനങ്ങൾ ഡബ്സിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com