"പറഞ്ഞു തരാൻ ആരുമില്ലായിരുന്നു, ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകാതിരിക്കുക"; വേടനെ കേള്‍ക്കാൻ അലയടിച്ചെത്തി ജനസാഗരം

ഒറ്റയ്ക്ക് വളർന്നതിനാല്‍ പറഞ്ഞു തരാൻ ആരുമില്ലായിരുന്നുവെന്ന് വേടൻ പറഞ്ഞു
"പറഞ്ഞു തരാൻ ആരുമില്ലായിരുന്നു, ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകാതിരിക്കുക"; വേടനെ കേള്‍ക്കാൻ അലയടിച്ചെത്തി ജനസാഗരം
Published on

ചില കാര്യങ്ങളിൽ തന്നെ അനുകരിക്കരുതെന്ന് ഇടുക്കിയില്‍ സർക്കാരിന്റെ വാർഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ റാപ്പ‍ർ വേടൻ. ഒറ്റയ്ക്ക് വളർന്നതിനാല്‍ പറഞ്ഞു തരാൻ ആരുമില്ലായിരുന്നുവെന്നും വേടൻ പറഞ്ഞു.

"വേടന്റെ ചില കാര്യങ്ങളിൽ ഇൻഫ്ലുൻസ് ആകാതിരിക്കുക. എനിക്ക് പറഞ്ഞു തരാൻ ആരുമില്ലായിരുന്നു. ഒറ്റയ്ക്കാണ് വളർന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നന്ദി," വേടൻ പറഞ്ഞു. ഇടുക്കിയില്‍ സർക്കാരിന്റെ വാർഷിക പരിപാടിയില്‍ റാപ്പർ വേടന്റെ പരിപാടിക്ക് ജനസാഗരമാണ് എത്തിയത്. സ്ഥലപരിമിതി ഉള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ 8000 പേർക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. യുവാക്കളുടെ ആവേശം അലതല്ലുന്ന കാഴ്ചകളാണ് ഇടുക്കി വാഴത്തോപ്പ് സ്കൂള്‍ മൈതാനിയില്‍ കണ്ടത്. ഹിറ്റ് ഗാനങ്ങളാണ് വേടൻ പരിപാടിയില്‍ പാടിയത്.

കഞ്ചാവ്, പുലിപ്പല്ല് കേസുകളെ തുടര്‍ന്ന് നേരത്തെ വേടന്റെ പരിപാടി ഒഴിവാക്കിയിരുന്നു. വേടന്റെ പരിപാടി ഒഴിവാക്കിയതായി നേരത്തെ മന്ത്രി റോഷി അഗസ്റ്റിനാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വേടന് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, റാപ്പ‍ർ വേടനൊടൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഇടുക്കിയിലെ പരിപാടിക്ക് മുന്നോടിയായി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇടുക്കിയിലെ പരിപാടിയോട് കൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണരല്ല, വേടൻ തിരുത്താൻ തയ്യാറായത് മാതൃകയാണെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ഏഴ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ പിടികൂടുന്ന സമയത്ത് വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്ന് ദേഹ പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റിലുണ്ടായിരുന്ന 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.

എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. എന്നാല്‍ പുലിപ്പല്ല് കേസില്‍ വേടന് കോടതി ജാമ്യം അനുവദിച്ചു.

തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്നായിരുന്നു പെരുമ്പാവൂര്‍ കോടതിയുടെ കണ്ടെത്തല്‍. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com