ഗുഡ്ബൈ! ടാറ്റയെ അവസാനമായി കാണാന്‍ 'ഗോവ'യും എത്തി...

രത്തന്‍ ടാറ്റക്ക് നായകളോട് അഗാധമായ അനുകമ്പയായിരുന്നു ഉണ്ടായിരുന്നത്
ഗുഡ്ബൈ! ടാറ്റയെ അവസാനമായി കാണാന്‍ 'ഗോവ'യും എത്തി...
Published on
Updated on

വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിടപറഞ്ഞു. അവസാനമായി, തന്‍റെ സുഹൃത്തിനെ ഒരു നോക്ക് കാണാന്‍ 'ഗോവയും' എത്തി. ഗോവ, രത്തന്‍ ടാറ്റയുടെ പ്രിയപ്പെട്ട നായ. മുംബൈയിലെ നാഷ്ണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ ടാറ്റയുടെ മൃതദേഹത്തിന് പൊതുജനങ്ങൾ അന്തിമോപചാരം അർപ്പിക്കുമ്പോള്‍ ഗോവയും അവിടെയുണ്ടായിരുന്നു.


രത്തന്‍ ടാറ്റക്ക് നായകളോട് അഗാധമായ അനുകമ്പയായിരുന്നു ഉണ്ടായിരുന്നത്. തെരുവില്‍ അലഞ്ഞു തിരിയുന്ന നായകളെ സംരക്ഷിക്കുന്നതിനായി രത്തന്‍ താല്‍പ്പര്യം കാണിച്ചിരുന്നു.

ടാറ്റ തന്‍റെ നായക്ക് ഗോവ എന്ന പേരിട്ടതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.


ഒരിക്കല്‍ ഗോവയിലൂടെ യാത്ര ചെയ്യുമ്പോള്‍ ടാറ്റയെ ഒരാള്‍ വിടാതെ പിന്തുടർന്നു. മറ്റാരുമല്ല ഒരു തെരുവുനായ. പുറകെ കൂടിയ നായയെ ടാറ്റ ദത്തെടുത്ത് മുംബൈയിലെ വീട്ടിലേക്ക് കൂട്ടി. നായയ്ക്ക് ഇടാന്‍ ഒരു പേരും ടാറ്റ കരുതിവെച്ചിരുന്നു- ഗോവ. അങ്ങനെയാണ് ടാറ്റയുടെ ബോംബെ ഹൗസിലെ മറ്റ് തെരുവുനായകള്‍ക്കിടയിലേക്ക് ഗോവ എത്തുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ ആസ്ഥാനം കൂടിയാണ് ബോംബെ ഹൗസ്. പിന്നീട് 11 വർഷക്കാലം ടാറ്റയുടെ സംരക്ഷണയിലായിരുന്നു ഗോവ.

Also Read: 'പ്രിയപ്പെട്ട വിളിക്കുമാടത്തിനു' വിട; കുറിപ്പുമായി രത്തൻ ടാറ്റയുടെ വിശ്വസ്തൻ ശാന്തനു നായിഡു

രത്തന്‍ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹത്തെപ്പറ്റി മറ്റൊരു കഥ കൂടി പ്രചാരത്തിലുണ്ട്. 2018ല്‍ ബ്രിട്ടീഷ് രാജ കുടുംബം ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിനു ലൈഫ് ടൈം അച്ചീവിമെന്‍റ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. ചാള്‍സ് രണ്ടാമന്‍ രാജാവായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പക്ഷെ ടാറ്റ അവാർഡ് വാങ്ങാനായി എത്തിയില്ല. പ്രമുഖ വ്യവസായി സുഹെല്‍ സെത് പറയുന്ന പ്രകാരം, ടാറ്റ അസുഖബാധിതരായ തന്‍റെ നായകളെ പരിപാലിക്കുകയായിരുന്നു.

രത്തന്‍ ടാറ്റയുടെ അനേകം പദ്ധതികളില്‍ മൃഗങ്ങള്‍ക്കായും സംരംഭങ്ങളുണ്ട്. മുംബൈയിലെ സ്മാള്‍ ആനിമല്‍ ഹോസ്പിറ്റല്‍ (എസ്എഎച്ച്എം) അതിലൊന്നാണ്. മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്ഥാപനമാണിത്. ടാറ്റയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംരംഭമായിരുന്നുവിത്. 2024 ജൂലൈയില്‍ ആരംഭിച്ച ആശുപത്രി 200 മൃഗങ്ങളെ ചികിത്സിക്കാന്‍ കഴിയുന്ന അഞ്ചു നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com