റേഷൻ കാർഡ് മസ്റ്ററിംങ്‌ സമയം നീട്ടണം; ആവശ്യവുമായി കാർഡ് ഉടമകളും, റേഷൻ വ്യാപാരികളും

അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിംങ്‌ സമയ പരിധി അവസാനിച്ചപ്പോൾ 77.34% പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്
റേഷൻ കാർഡ് മസ്റ്ററിംങ്‌ സമയം നീട്ടണം; ആവശ്യവുമായി കാർഡ് ഉടമകളും, റേഷൻ വ്യാപാരികളും
Published on

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംങ്‌ സമയം ഈ മാസം 31 വരെ നീട്ടണമെന്ന ആവശ്യവുമായി കാർഡ് ഉടമകളും, റേഷൻ വ്യാപാരികളും. അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിംങ്‌ സമയ പരിധി അവസാനിച്ചപ്പോൾ 77.34% പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. ബയോമെട്രിക് സംവിധാനം പലയിടങ്ങളിലും പരാജയപ്പെട്ടതോടെ അടുത്ത മാസം മുതൽ റേഷൻ വിഹിതം കുറയുമോ എന്ന ആശങ്കയിലാണ് കാർഡ് ഉടമകൾ.

ആധാർ പുതുക്കാത്തവർക്കും, റേഷൻ കാർഡിലെയും, ആധാർ കാർഡിലെയും പേരുകളിൽ പൊരുത്തക്കേടുകൾ ഉള്ളവർക്കും മസ്റ്ററിംങ്‌ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ അവധി ദിവസങ്ങളിലും, പ്രവൃത്തി സമയങ്ങളിൽ അധിക സമയം അനുവദിച്ചുമാണ് മസ്റ്ററിംങ്‌ നടത്തിയത്. സമയം നീട്ടിയാൽ മാത്രമേ പരമാവധി ആളുകളെ മസ്റ്ററിംങിൻ്റെ ഭാഗമാക്കാൻ കഴിയുകയുള്ളൂ എന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

പലയിടങ്ങളിലും ആളുകൾ എത്താത്തതും, ഇ-പോസ് മെഷീൻ പണി മുടക്കിയതും മസ്റ്ററിംങ്‌ താമസിക്കാൻ കാരണമായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ, കൈവിരലിൻ്റെ തൊലിപ്പുറത്ത് അസുഖം ബാധിച്ചവർ, കൈവിരൽ പതിയാത്ത മുതിർന്ന പൗരന്മാർ, സിമൻ്റ് - കെമിക്കൽ - കശുവണ്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ എന്നിവരുടെ ഇ-പോസ് മെഷീനിലൂടെയുള്ള ബയോമെട്രിക് സംവിധാനവും പലയിടങ്ങളിലും പരാജയപ്പെട്ടു. ഈ കാർഡുടമകളുടെ റേഷൻ വിഹിതം അടുത്ത മാസം മുതൽ കുറയുമോ എന്ന ആശങ്കയും നിലവിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com