
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. വേതന പാക്കേജ് പരിഷ്‌കരിക്കണം എന്ന റേഷൻ വ്യാപാരികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചില്ല. സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ മാസം 27 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷൻ കടകൾ മുഴുവനായി അടഞ്ഞുകിടക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
ഭക്ഷ്യധാന്യങ്ങൾ എത്താതെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ കാലിയാകുന്നതായും റിപ്പോർട്ടുണ്ട്. വിതരണ കൂലി ലഭിക്കാതെ വന്നതോടെ കരാറുകാര്‍ സമരം ആരംഭിച്ചിരുന്നു. സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍ കടകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറികളുടെ കരാറുകാര്‍ കൂട്ടത്തോടെ സമരത്തിലാണ്.
ഇവര്‍ക്ക് സെപ്റ്റംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുകയും പൂര്‍ണമായി കിട്ടാനുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാനായി സെപ്തംബറിലെ 50 ശതമാനം തുക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കരാറുകാര്‍ തയ്യാറല്ല. സമരം അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടച്ചിടേണ്ടി വരും.
അതേസമയം, കഴിഞ്ഞ മാസം എഫ്‌സിഐയില്‍ നിന്ന് എത്തിച്ച ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളില്‍ നിറഞ്ഞു. ഇവ റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്താലേ എഫ്‌സിഐയില്‍ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യം സംഭരിക്കാനാകൂ. എല്ലാ മാസവും അഞ്ചോടെയാണ് സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്കും, പിന്നീട് പതിനഞ്ചോടെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും ഭക്ഷ്യധാന്യ നീക്കം ചെയ്യുന്നത്.