'കമ്മീഷനും വേതനവുമില്ല, മസ്റ്ററിംഗ് പോലും സ്വന്തം ചെലവില്‍'; സര്‍ക്കാരിനെതിരെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

ഓണത്തോട് അനുബന്ധിച്ച് റേഷൻ വ്യാപാരികളുടെ വേതനം 51.26 കോടി രൂപ മുൻകൂറായി നൽകാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും, രണ്ട് മാസമായി കമ്മീഷൻ പോലും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു
'കമ്മീഷനും വേതനവുമില്ല, മസ്റ്ററിംഗ് പോലും സ്വന്തം ചെലവില്‍'; സര്‍ക്കാരിനെതിരെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
Published on

വേതനമില്ലാത്തത്തിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ റേഷൻ വ്യാപാരികൾ. ഭക്ഷ്യ വകുപ്പ് ഫയൽ കൈമാറിയിട്ടും രണ്ട് മാസമായി കമ്മീഷനും വേതനവും അനുവദിക്കുന്നില്ലെന്നാണ് പരാതി. പലയിടത്തും റേഷൻ വ്യാപാരികൾ സ്വന്തം ചെലവിൽ ആണ് മസ്റ്ററിംഗ് നടത്തുന്നത്. കമ്മീഷൻ അതത് മാസങ്ങളിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്നും വ്യാപാരികൾ പറയുന്നു.

ഓണത്തോട് അനുബന്ധിച്ച് റേഷൻ വ്യാപാരികളുടെ വേതനം 51.26 കോടി രൂപ മുൻകൂറായി നൽകാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും, രണ്ട് മാസമായി കമ്മീഷൻ പോലും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ റേഷൻ വ്യാപാരി പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ 1000 രൂപ ഓണോത്സവബത്ത പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതും ഇതുവരെ നൽകിയിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി.

ALSO READ: പേരാമ്പ്രയിൽ SFI-MSF സംഘർഷം; ഗുണ്ട് പൊട്ടി 11 കാരൻ്റെ കണ്ണിന് പരുക്കേറ്റു

ഓഗസ്റ്റ് 18-ാം തീയതി മുതൽ മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് സൗജന്യമായാണ് റേഷൻ വ്യാപാരികൾ ചെയ്തിരുന്നത്. വൻ തുക മുടക്കി ഇതിൻ്റെ പ്രചരണ പോസ്റ്ററും, കിറ്റ് വിതരണ പോസ്റ്ററും ഇറക്കി, സർക്കാർ അധിക ചിലവ് ഉണ്ടാക്കിയെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ വർഷത്തെ ഓണകിറ്റ് കമ്മീഷൻ ഇല്ലാതെ നൽകണമെന്ന സർക്കാർ അഭ്യർത്ഥന അംഗീകരിച്ച വ്യാപാരികൾ ഓണകിറ്റ് വിതരണവും പൂർത്തിയാക്കിയിരുന്നു. എല്ലാ വിഭാഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും തങ്ങളെ അവഗണിക്കുന്ന നടപടിയാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. അവഗണനയ്‌ക്കെതിരെ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അത് മാറ്റി വെക്കുകയായിരുന്നു. എന്നാൽ ഒക്ടോബർ മാസം മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാനാണ് റേഷൻ വ്യാപാരി സംഘടനകളുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com