
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ്. കോവിഡ് കാലത്തടക്കം വിതരണം ചെയ്ത ഭക്ഷ്യകിറ്റ് കമ്മീഷനാണ് നൽകുക. കിറ്റ് കമ്മീഷനിലെ പകുതി തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 17 കോടി രൂപയാണ് കമ്മീഷൻ നൽകാൻ അനുവദിച്ചത്.
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ മുഴുവൻ തുകയും ഒരുമിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. 17,22,43,000 രൂപയാണ് അനുവദിച്ചത്. കേസിന് പോയ റേഷൻ വ്യാപാരികൾക്ക് മാത്രമാണ് കമ്മീഷൻ നൽകുക. ഒമ്പതിനായിരത്തോളം റേഷൻ വ്യാപാരികൾ മാത്രമാണ് കേസിന് പോയത്. ഏകദേശം 50 കോടിയോളം രൂപ മുഴുവൻ റേഷൻ വ്യാപാരികൾക്കും കമ്മീഷൻ ഇനത്തിൽ നൽകാനുണ്ട്.
കേസിന് പോയവർക്ക് കുടിശിക മുഴുവൻ തീർത്തു കൊടുക്കണമെന്നാണ് കോടതി ഉത്തരവ്. കിറ്റ് കമ്മീഷൻ തുക വാങ്ങുന്നതിൽ തീരുമാനമെടുത്തിട്ടില്ല എന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. മുഴുവൻ വ്യാപാരികൾക്കും കമ്മീഷൻ തുക നൽകണമെന്നാണ് അവർ ആവശ്യം ഉന്നയിച്ചത്. കേസിന് പോകാത്തതിനാൽ 4,000 ത്തോളം റേഷൻ വ്യാപാരികൾക്ക് ഈ ഉത്തരവ് പ്രകാരം കമ്മീഷൻ തുക ലഭിക്കില്ല.